പാക്കറ്റ് ഭക്ഷണങ്ങളിലും ശീതളപാനീയങ്ങളിലും പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് വ്യക്തമാക്കുന്ന പ്രകടമായ മുന്നറിയിപ്പ് ലേബലുകൾ ഏർപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്ന് ഇന്ത്യ പിന്നോട്ട്. കൊക്കക്കോള, നെസ്‌ലെ തുടങ്ങിയ ആഗോള ഭക്ഷ്യ ഭീമൻമാരുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ റെഗുലേറ്ററുടെ ഈ പിന്മാറ്റം.
ലണ്ടനിൽ വിൽക്കുന്ന ഒരു ഫാന്‍റ ടിന്നിൽ 63 കലോറി അടങ്ങിയിട്ടുണ്ടെങ്കിൽ ഇന്ത്യയിൽ വിൽക്കുന്ന ഇതേ ഉൽപ്പന്നത്തിൽ ഇതിന്റെ മൂന്നിരട്ടി അധികം പഞ്ചസാര അടങ്ങിയിട്ടുണ്ട്. കൂടാതെ യൂറോപ്പിൽ കർശന ആരോഗ്യ മുന്നറിയിപ്പുകൾ ആവശ്യമായ കൃത്രിമച്ചായങ്ങളും ഇതിലുണ്ട്. എന്നാൽ ഇന്ത്യയിലാകട്ടെ ഇവയൊക്കെ പാക്കറ്റിന്റെ പുറകിൽ വളരെ ചെറിയ അച്ചടികളിൽ മാത്രമാണ് കാണിക്കുന്നത്. വർഷങ്ങളായി ആഗോള കമ്പനികൾ ഇതേ രീതിയാണ് ഇന്ത്യയിൽ തുടരുന്നത്.
കഴിഞ്ഞ മാർച്ചിൽ വ്യവസായ പ്രമുഖരുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഓഫ് ഇന്ത്യ (FSSAI) കളർ കോഡഡ് മുന്നറിയിപ്പുകൾ നൽകണമെന്ന ആശയത്തിൽ നിന്നും പിന്മാറിയത്. ഇത്തരം ലേബലുകൾ ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുമെന്നായിരുന്നു കമ്പനികളുടെ വാദം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത് പ്രയാസകരമാണെന്ന് എഫ്.എസ്.എസ്.എഐ കഴിഞ്ഞ ഓഗസ്റ്റിൽ കോടതിയെ അറിയിക്കുകയും ചെയ്തു.
പകരം ഭക്ഷണങ്ങളിലെ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവയുടെ അളവ് കാണിക്കുന്ന ലളിതമായ കറുപ്പും വെളുപ്പും അടങ്ങിയ ഒരു പട്ടിക മാത്രം നൽകിയാൽ മതിയെന്നാണ് അധികൃതരുടെ പുതിയ നിർദ്ദേശം.
പൊതുജനാരോഗ്യ പ്രവർത്തകരുടെ ഹർജിയെത്തുടർന്ന് സുപ്രീം കോടതി നിലവിൽ ഈ തീരുമാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 2050-ഓടെ ഇന്ത്യയിൽ 45 കോടി ജനങ്ങൾ അമിതവണ്ണമുള്ളവരോ കുടവയറുള്ളവരോ ആയി മാറിയേക്കാമെന്നാണ് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. ലേബലിങിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നത് ആരോഗ്യകരമായ ഭക്ഷണരീതികൾ ശീലിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇതുവരെ ലോകമെമ്പാടുമുള്ള 20-ഓളം രാജ്യങ്ങൾ ഇത്തരത്തിലുള്ള മുന്നറിയിപ്പ് ലേബലുകൾ പാക്കറ്റുകളിൽ നിർബന്ധമാക്കിയിട്ടുണ്ട്.
യൂറോപ്പിലും ഓസ്ട്രേലിയയിലും വിൽക്കുന്ന കിറ്റ്കാറ്റ്, ഫാന്‍റ തുടങ്ങിയ ഉൽപ്പന്നങ്ങളിലെ ഗുണനിലവാരവും ഇന്ത്യയിൽ വിൽക്കുന്നവയിലെ ഗുണനിലവാരവും തമ്മിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ആക്റ്റിവിസ്റ്റുകളും വലിയ തോതിലുള്ള ക്യാമ്പെയ്നുകൾ നടത്തുന്നുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നു എന്ന തോന്നലാണ് ഇത് ഉണ്ടാക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. കണക്കുകൾ പ്രകാരം ഇന്ത്യയിലെ പാക്കേജ് ഭക്ഷ്യ പാനീയ വിപണി നിർമ്മിക്കുന്ന ഏകദേശം 80 ശതമാനം ഉൽപ്പനന്ങ്ങളിലും കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്.
ലാഭവിഹിതം സംരക്ഷിക്കുന്നതിനായി ഭക്ഷ്യ കമ്പനികൾ ഇത്തരം മുന്നറിയിപ്പ് ലേബലുകളെ എക്കാലത്തും എതിർത്തുപോന്നിട്ടുണ്ടെന്നും ഇത് പൊതുജനങ്ങളെ ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ച് അറിയുന്നതിൽ നിന്ന് തടയുന്നുവെന്നും ആഗോള ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.