നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്തിന്റെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് നിർണായക മാറ്റത്തിന് വഴിയൊരുക്കിയ സംവിധാനമാണ് യു.പി.ഐയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി.ഐ അവതരിപ്പിച്ച് 10 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
യു.പി.ഐ ഉപയോഗിക്കുന്നവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഒരു ദശാബ്ദം മുമ്പ് യു.പി.ഐ അവതരിപ്പിച്ചത് ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ വലിയ വഴിത്തിരിവായിരുന്നുവെന്നും അതിന്റെ വ്യാപ്തിയും ജനങ്ങളിലേക്കുള്ള എത്തിച്ചേരലും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
2016 ആഗസ്റ്റ് 25നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിന് കീഴിൽ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) യു.പി.ഐ അവതരിപ്പിച്ചത്. ഇതിന് മുന്നോടിയായി 2016 ഏപ്രിലിൽ 21 അംഗ ബാങ്കുകളുമായി പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം ആരംഭിച്ചിരുന്നു. തുടർന്ന് ആഗസ്റ്റിൽ പങ്കെടുത്ത ബാങ്കുകൾ യു.പി.ഐ സൗകര്യമുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കിയതോടെ സേവനം പൊതുജനങ്ങളിലേക്ക് വ്യാപിച്ചു. 2016 ഡിസംബറിൽ ബി.എച്ച്.ഐ.എം ആപ്ലിക്കേഷനും പുറത്തിറക്കി.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2016-17 സാമ്പത്തിക വർഷത്തിൽ 1.78 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ ഇത് 24,162 കോടിയിലേറെയായി. ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 13,000 മടങ്ങ് വർധനയാണ് ഇതിലൂടെ രേഖപ്പെടുത്തിയത്.
ഇടപാടുകളുടെ മൂല്യത്തിലും വലിയ വർധനയുണ്ടായി. 2016-17ൽ 0.07 ലക്ഷം കോടി രൂപയായിരുന്ന യു.പി.ഐ ഇടപാടുകളുടെ മൂല്യം 2025-26ൽ ഏകദേശം 314 ലക്ഷം കോടി രൂപയായി ഉയർന്നു. അതായത് ഇടപാട് മൂല്യത്തിൽ 4,000 മടങ്ങിലേറെ വർധനയുണ്ടായി. നിലവിൽ 11 രാജ്യങ്ങളിൽ യു.പി.ഐ സ്വീകരിക്കുന്നുണ്ട്. ഗ്രീസും മാലദ്വീപുമാണ് ഏറ്റവും ഒടുവിൽ ഇന്ത്യയുടെ തത്സമയ പേയ്മെന്റ് സംവിധാനമായ യു.പി.ഐ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.