ജസ്റ്റിസ് എസ് മുരളീധർ

ഇന്ത്യൻ ജനാധിപത്യം മരിക്കില്ലെന്ന് ‘ജെൻ സി’ സമരം തെളിയിച്ചു; ‘ദിമാഗി നക്സൽ’ എന്നുവിളിച്ച് അവരെ ഇല്ലാതാക്കാനാവില്ലെന്നും ജസ്റ്റിസ് എസ് മുരളീധർ

ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതാകില്ലെന്ന വലിയ ആശ്വാസവും ഉറപ്പും നൽകുന്നതാണ് പുതിയ തലമുറയായ 'ജെൻ സി' നടത്തുന്ന പ്രക്ഷോഭങ്ങളെന്ന് മുൻ ഹൈകോടതി ചീഫ് ജസ്റ്റിസും മുതിർന്ന അഭിഭാഷകനുമായ ഡോ. എസ്. മുരളീധർ. സമാധാനപരമായി പ്രതിഷേധിക്കുന്ന യുവാക്കളെയും വിദ്യാർഥികളെയും ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഗൂഢാലോചനക്കാരായി ചിത്രീകരിക്കുന്നതിനെയും, ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയ ആയുധമാക്കുന്നതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 28-ാമത് ഡി.എസ്. ബോർക്കർ അനുസ്മരണ പ്രഭാഷണത്തിൽ 'മൈ വിഷൻ ഓഫ് ഇന്ത്യ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡൽഹിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് പ്രതീക്ഷ നൽകുന്നതാണെന്ന് മുരളീധർ പറഞ്ഞു. ഭരണകൂടത്തിന്റെ വിദ്വേഷ പ്രസംഗങ്ങളിലോ, 'അച്ഛേ ദിൻ', 'വികസിത് ഭാരത്' തുടങ്ങിയ പൊള്ളയായ മുദ്രാവാക്യങ്ങളിലോ ഈ യുവതലമുറ വീണുപോകില്ല. 'ദിമാഗി നക്സൽ' എന്ന് വിളിച്ച് വേട്ടയാടാൻ നോക്കിയാലും അവർ പിന്മാറില്ലെന്നും സത്യത്തോടും ഭരണഘടനയോടുമുള്ള പ്രതിബദ്ധതയാണ് ഈ തലമുറയെ നയിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. അധികാരത്തിലുള്ളവരോട് നിർഭയം ചോദ്യങ്ങൾ ചോദിക്കാനുള്ള അവരുടെ ധൈര്യവും നർമ്മബോധവും ജനാധിപത്യ പുരോഗതിയുടെ വ്യക്തമായ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

2047-ലെ സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ, ഭരണകൂടത്തിനെതിരായ സത്യസന്ധമായ വിമർശനങ്ങളെയോ, രാഷ്ട്രീയ കാർട്ടൂണുകളെയോ, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻമാരുടെ തമാശകളെയോ ക്രിമിനൽ കുറ്റമാക്കാത്ത ഒരു നിയമവ്യവസ്ഥയാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎപിഎ, പിഎംഎൽഎ, കരുതൽ തടങ്കൽ നിയമങ്ങൾ തുടങ്ങിയ കരിനിയമങ്ങൾ പൂർണമായും റദ്ദാക്കണമെന്നും ജസ്റ്റിസ് മുരളീധർ ആഹ്വാനം ചെയ്തു.

Tags:    
News Summary - Gen-Z Protests Assure Democracy Won't Die; 'Dimaghi Naxal' Tag Won't Deter Them: Ex-HC CJ S Muralidhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.