മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി എട്ട് ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കോൺഗ്രസ്. രാജ്യത്തെ 21 കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി 8,23,556 തസ്തികകൾ നികത്തപ്പെടാതെ കിടക്കുന്നുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
2015ൽ 4,20,547 ആയിരുന്ന ഒഴിവുകളുടെ എണ്ണം 2024 ആയപ്പോഴേക്കും 8,23,556 ആയി വർധിച്ചുവെന്ന് പാർട്ടി ചൂണ്ടിക്കാണിക്കുന്നു. റെയിൽവേ, ആരോഗ്യം, ആഭ്യന്തര മന്ത്രാലയം, വാണിജ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളിലെല്ലാം വലിയ തോതിൽ ഒഴിവുകളുണ്ടെന്ന് കോൺഗ്രസ് പങ്കുവെച്ച ഡാറ്റ വ്യക്തമാക്കുന്നു. എന്നാൽ ഈ കണക്കുകളുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ചെലവഴിക്കൽ വകുപ്പിന്റെ 2023-24 വർഷത്തെ ശമ്പളവും അലവൻസുകളും സംബന്ധിച്ച വാർഷിക റിപ്പോർട്ട് പ്രകാരം, 2024 മാർച്ച് 1 ലെ കണക്കനുസരിച്ച് ആകെ അനുവദിച്ച 39,23,212 തസ്തികകളിൽ 8,23,556 എണ്ണവും ഒഴിഞ്ഞുകിടക്കുകയായിരുന്നു.
തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന വിഷയം തൊഴിലില്ലായ്മയോടൊപ്പം സാമൂഹിക നീതിയുമായും ബന്ധപ്പെട്ടതാണെന്ന് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ‘ഇത് കേവലം തൊഴിലിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് സാമൂഹിക നീതിയുടെ പ്രശ്നമാണ്. സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോൾ സംവരണത്തിനുള്ള അവസരമാണ് അവസാനിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുമ്പോൾ സംവരണ ജോലികൾ ഇല്ലാതാകുന്നു. സ്ഥിര ജോലികൾ കരാർവൽക്കരിക്കുമ്പോൾ സംവരണം അട്ടിമറിക്കപ്പെടുന്നു’ ഖാർഗെ പറഞ്ഞു.
സംവരണം അവസാനിപ്പിക്കാൻ ഭരണഘടന ഭേദഗതി ചെയ്യേണ്ടതില്ലെന്നും, സംവരണമുള്ള ജോലികൾ തന്നെ ഇല്ലാതാക്കിയാൽ മതിയെന്നും ബി.ജെ.പിയുടെ അജണ്ടയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്‌സി, എസ്ടി, ഒബിസി, ഇഡബ്ല്യു വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാണ് ഇതിലൂടെ കവർന്നെടുക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് രാജ്യസഭയിൽ എം.പിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് മുൻപ് വ്യക്തമാക്കിയതനുസരിച്ച്, നേരിട്ടുള്ള നിയമനങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാൻ എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. യു.പി.എസ്.സി, എസ്.എസ്.സി തുടങ്ങിയ റിക്രൂട്ട്മെന്റ് ഏജൻസികൾ വഴിയാണ് ഈ നടപടികൾ പുരോഗമിക്കുന്നത്.
മിഷൻ മോഡിലാണ് ഒഴിവുകൾ നികത്തിവരുന്നതെന്നും, 2022 ഒക്ടോബർ മുതൽ രാജ്യത്തുടനീളം പതിവായി 'റോസ്ഗർ മേള'കൾ സംഘടിപ്പിച്ച് ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം രാജ്യസഭയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ (2022-23 മുതൽ 2025-26 വരെ) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്ക് ഏകദേശം 3.61 ലക്ഷം ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.