പ്രതീകാത്മക ചിത്രം
പ്രയാഗ്‌രാജ്: സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനി നൽകിയ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. വ്യക്തിപരമായ താൽപര്യത്തിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനം നിശ്ചയിച്ച വസ്ത്രധാരണച്ചട്ടത്തിൽ ഇളവ് ആവശ്യപ്പെടാൻ വിദ്യാർഥിക്ക് നിയമപരമായ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രയാഗ്‌രാജിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയാണ് ഹരജിക്കാരി. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം അതേ സ്കൂളിൽ പ്ലസ് വൺ പ്രവേശനം തേടുന്നതിനിടെയാണ് മാതാവ് വഴി കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ സ്കൂളിൽ ഹിജാബ് ധരിച്ചാണ് പഠിക്കുന്നതെന്നും ഇസ്‍ലാമിക വിശ്വാസത്തിന്റെ അനിവാര്യ ഭാഗമായതിനാൽ അത് തുടരാൻ അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
ജസ്റ്റിസുമാരായ ജെ.ജെ. മുനീർ, ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സ്കൂളിലെ വിവിധ ക്ലാസുകളിൽ നിന്നുള്ള വിദ്യാർഥിനിയുടെ ചിത്രങ്ങൾ പരിശോധിച്ച കോടതി ഹരജിക്കാരിയെ കൂടാതെ മറ്റൊരു പെൺകുട്ടിയും ഹിജാബ് ധരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. അതേ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികളും ഹിജാബ് ധരിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ഹിജാബ് ധരിക്കൽ ഇസ്‍ലാമിലെ അനിവാര്യ മതാചാരമാണെന്ന ഹരജിക്കാരിയുടെ വാദവും കോടതി അംഗീകരിച്ചില്ല. ഹിജാബ് ധരിക്കാതിരുന്നാൽ ഒരു സ്ത്രീയുടെ ഇസ്‍ലാമിക വിശ്വാസത്തിന് കോട്ടം സംഭവിക്കില്ലെന്നും അതിനാൽ ഹിജാബ് ധരിക്കൽ അനിവാര്യ മതാചാരമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സമാന വിഷയങ്ങളിൽ വിവിധ ഹൈക്കോടതികൾ ഏകകണ്ഠമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹിജാബ് അനിവാര്യ മതാചാരമാണെന്ന ഹർജിയിലെ വാദത്തിന് മതിയായ അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ സ്കൂളിന്റെ യൂണിഫോം ചട്ടം എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ ബാധകവും വിവേചനരഹിതവുമാണെങ്കിൽ അത് നടപ്പാക്കാനുള്ള സ്ഥാപനത്തിന്റെ അധികാരം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. സ്കൂളിന്റെ അച്ചടക്കവും വിദ്യാർഥികൾക്കിടയിലെ ഏകീകൃത വസ്ത്രധാരണവും ഉറപ്പാക്കുന്നതിൽ യൂണിഫോം ചട്ടത്തിന് പ്രധാന പങ്കുണ്ടെന്നും കോടതി വിലയിരുത്തി.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വന്തം പരിധിയിൽ ഏകീകൃത വസ്ത്രധാരണച്ചട്ടം നടപ്പാക്കാനുള്ള അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. സ്കൂൾ നിശ്ചയിച്ച യൂണിഫോം പാലിക്കൽ വിദ്യാർഥികൾക്ക് ബാധകമാണ്. വ്യക്തിഗത താൽപര്യത്തിന്റെ പേരിൽ യൂണിഫോമിനൊപ്പം അധിക വസ്ത്രം ധരിക്കാൻ പ്രത്യേക ഇളവ് ആവശ്യപ്പെടാനുള്ള നിയമപരമായ അവകാശം വിദ്യാർഥിക്കില്ലെന്നും കോടതി പറഞ്ഞു.
വിവിധ സമുദായങ്ങളിൽപ്പെട്ട വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണിതെന്നും എല്ലാവർക്കും ഒരേ വസ്ത്രധാരണച്ചട്ടമാണ് ബാധകമെന്നും സ്കൂൾ കോടതിയെ അറിയിച്ചു. ആഗസ്റ്റ് 21ന് പുറപ്പെടുവിച്ച വിധിയിലാണ് അലഹബാദ് ഹൈക്കോടതി ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.