ന്യൂഡൽഹി: ജാമ്യം കിട്ടിയിട്ടും ജയിലിൽ നിന്ന് വിട്ടയക്കാത്തതിൽ യു.പിയിലെ ജയിൽ വകുപ്പിനെതിരെ സുപ്രീംകോടതി. മതപരിവർത്തന വിരുദ്ധ നിയമപ്രകാരമുള്ള കേസിൽ ഏപ്രിൽ 29ന് ജാമ്യം ലഭിച്ചിട്ടും മോചനം വൈകിയതിന് സംസ്ഥാനം അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
ഭരണഘടന പ്രകാരം സ്വാതന്ത്ര്യം വളരെ വിലപ്പെട്ടതാണെന്നും തന്റേതല്ലാത്ത കാരണത്താൽ ആ വ്യക്തിക്ക് കുറഞ്ഞത് 28 ദിവസത്തേക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും ജസ്റ്റിസുമാരായ കെ.വി വിശ്വനാഥൻ, എൻ.കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ഉപവകുപ്പുകൾ ജാമ്യ ഉത്തരവിൽ പറയുന്നില്ലെന്ന കാരണത്താലാണ് മോചനം വൈകിപ്പിച്ചത്.
ഏപ്രിൽ 29ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് മേയ് 27നാണ് ഗാസിയാബാദിലെ വിചാരണ കോടതി മോചന ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, പ്രതിയെ ഗാസിയാബാദ് ജില്ല ജയിലിൽനിന്ന് വിട്ടയച്ചത് ജൂൺ 24നായിരുന്നു. കോടതി ഉത്തരവുകളുണ്ടായിരുന്നിട്ടും എത്ര പേർ നിങ്ങളുടെ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് ദൈവത്തിനറിയാമെന്ന് ഉത്തർപ്രദേശിനുവേണ്ടി ഹാജരായ അഭിഭാഷകനോട് ബെഞ്ച് പറഞ്ഞു. യു.പിയിലെ ജയിൽ ഡി.ജി.പി വിഡിയോ കോൺഫറൻസിങ്ങിലൂടെയും ഗാസിയാബാദ് ജയിൽ സൂപ്രണ്ട് നേരിട്ടും കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.