നീതിക്ക് ഒച്ചിഴയും വേഗം; വിമർശനവുമായി സുപ്രീംകോടതി

റാഞ്ചി: 45 വർഷം പഴക്കമുള്ള ഇരട്ടക്കൊലപാതക കേസിലെ നടപടി അനിശ്ചിതമായി വൈകുന്നതിന്റെ ഞെട്ടലുമായി സുപ്രീംകോടതി. പ്രതിയുടെ അപ്പീലിൽ വരെ രണ്ടു പതിറ്റാണ്ടിലേറെ സമയമെടുത്ത കോടതി നടപടിയെ നീതിന്യായ സംവിധാനത്തിന്റെ വലിയ പരാജയമെന്ന് രൂക്ഷ ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.

1981ൽ ഝാർഖണ്ഡിലെ ദുംഖയിൽ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസാണിത്. ആറുപേരെ പ്രതികളായി കണ്ടെത്തി കുറ്റം ചുമത്തിയത് 10 വർഷത്തിനു ശേഷം 1991ൽ. കേസിൽ വിചാരണക്ക് വേണ്ടിവന്നത് വീണ്ടുമൊരു പതിറ്റാണ്ടിലേറെ കാലം. ഒടുവിൽ കോടതി വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ വിധിച്ചത് 2002ൽ. വിചാരണ കോടതി വിധിയെ ചോദ്യംചെയ്ത് പ്രതികൾ ഝാർഖണ്ഡ് ഹൈകോടതിയെ സമീപിച്ചപ്പോൾ തീരുമാനമെടുക്കാൻ വീണ്ടും അനിശ്ചിതമായ കാത്തിരിപ്പ്. 2024ലാണ് കോടതി അപ്പീൽ തള്ളുകയും വിചാരണ കോടതി വിധി ശരിവെച്ചുകൊണ്ട് കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്തത്.

ഈ കേസ് മുന്നിലെത്തിയപ്പോഴാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ മെല്ലെപ്പോക്കു കണ്ട് കോടതി ഞെട്ടിയത്.

സിമോൺ സോറൻ എന്ന 70കാരൻ പ്രതിയായ കേസിലായിരുന്നു സുപ്രീകോടതിയിലെ ജസ്റ്റിസ് ജെ.ബി. പർധിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചിന്റെ വിമർശനം. ആറുപേർ പ്രതികളായ കേസിൽ രണ്ടുപേർ കുറ്റം ചുമത്തും മുമ്പേ മരിച്ചു. മറ്റു മൂന്നുപേർ അപ്പീൽ പരിഗണനയിലിരുന്ന 22 വർഷത്തിനിടെയും മരിച്ചു. ഒടുവിൽ 2024ൽ സിമോൺ സോറന് മാത്രമായിരുന്നു ഹൈകോടതി ശിക്ഷ വിധിച്ചത്. രണ്ടു വർഷവും നാലു മാസവും 12 ദിവസവുമായി ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് സുപ്രീംകോടതി ഒടുവിൽ ജാമ്യം അനുവദിച്ചു. ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് ശിക്ഷയിൽ താൽക്കാലികമായി ഇളവു നൽകിയത്.

കേസിന്റെ രേഖകളും ഡിജിറ്റൽ പതിപ്പുകളും നാലാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ ഹൈകോടതിയോടും വിചാരണ കോടതിയോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. നീതിന്യായ സംവിധാനത്തിൻ വൻ പരാജയമാണ് ഈ കേസിലെ നടപടിയെന്നും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടാത്തതും, വിചാരണ നീണ്ടതും നീതികേടാണെന്നും വിമർശിച്ചു. കേസ് സെപ്റ്റംബർ 18ന് വീണ്ടും പരിഗണിക്കും.

Tags:    
News Summary - Supreme Court Slams Judiciary Over 45-Year Delay in Jharkhand Double Murder Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.