കങ്കണ റണാവത്ത്, അഭിജിത് ദീപ്കെ

‘ഒരാൾ തീ, മറ്റൊരാൾക്ക് റീബൂട്ട് വേണം’; അഭിജിത് ദീപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് കങ്കണ റണാവത്ത്

കങ്കണ റണാവത്തിന്റെ പുതിയ പരാമർശങ്ങളാണ് ഇപ്പോൾ വീണ്ടും വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ പേരിൽ 'കോക്രോച്ച് ജനത പാർട്ടി' (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്കെയെ പരിഹസിച്ച കങ്കണയുടെ നടപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ അഭിജിത്തുമായുള്ള ഇംഗ്ലീഷ് സംസാരശൈലി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.

അഭിജിത് ദീപകെ പൊതുവേദിയിൽ ഇംഗ്ലീഷിൽ സംസാരിക്കുന്ന ദൃശ്യങ്ങളും, തുടർന്ന് സിനിമാമേഖലയിലെ സ്ത്രീകളുടെ അനുഭവങ്ങളെക്കുറിച്ച് കങ്കണ ഇംഗ്ലീഷിൽ പ്രസംഗിക്കുന്ന പഴയ ദൃശ്യങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു പ്രസ്തുത റീൽ. 'പന്ത്രണ്ടാം ക്ലാസ് പാസായ കങ്കണ റണാവത്ത് vs ബോസ്റ്റൺ സർവകലാശാലയിലെ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ. ഒരാൾ തീയാണ്, മറ്റൊരാൾക്ക് റീബൂട്ട് ആവശ്യമാണ്' എന്ന ക്യാപ്ഷനോടെയാണ് ഈ വിഡിയോ കങ്കണ പങ്കുവെച്ചത്. 

സിനിമയിലെ ആരംഭകാലത്ത് താൻ ഇംഗ്ലീഷ് ഭാഷയിൽ അത്ര പ്രാവീണ്യമുള്ളവരായിരുന്നില്ലെന്ന് കങ്കണ മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു പ്രമുഖ ടോക്ക് ഷോയിൽ താൻ നേരിട്ട പരിഹാസങ്ങളെക്കുറിച്ചും കങ്കണ ഓർത്തെടുത്തു. തന്നെപ്പോലുള്ള പുറത്തുനിന്നുള്ളവർ ഇനി ഭാഷയുടെ പേരിൽ അപഹാസ്യരാകേണ്ടി വരില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു.

‘ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും, പരസ്യമായി അപഹസിക്കപ്പെട്ടപ്പോഴും ഇരുപത്തിനാലാം വയസ്സിൽ ഞാൻ പ്രകടിപ്പിച്ച പക്വതയും മാന്യതയും ഗോസിപ്പുകൾ മാത്രം പറയുന്നവർക്ക് ഒരിക്കലും മനസ്സിലാകില്ലെന്നും’ കങ്കണ പറഞ്ഞു. അതേസമയം, താൻ കാമറക്ക് മുന്നിൽ വരുമ്പോൾ ചിലപ്പോഴൊക്കെ സംസാരിക്കാൻ മടികാണിക്കാറുണ്ടെന്ന് അഭിജിത് ദീപകെ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു.

ഇത് ആദ്യമായല്ല കങ്കണ സി.ജെ.പി അംഗങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവരുന്നത്. കഴിഞ്ഞ മാസം, കങ്കണയുടെ എം.പി പ്രവർത്തനങ്ങളെ വിമർശിച്ചുകൊണ്ട് സി.ജെ.പി വക്താവ് സൗരവ് ദാസ് രംഗത്തെത്തിയിരുന്നു. കങ്കണയുടെ രാഷ്ട്രീയ വിമർശനങ്ങളെ യുവതലമുറ ഗൗരവമായി എടുക്കുന്നില്ലെന്നായിരുന്നു സൗരവിന്റെ പരാമർശം.

ഇതിന് മറുപടിയായി കങ്കണ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ‘ഞാൻ ഇയാളെ ഗൂഗ്ളിൽ തിരഞ്ഞുനോക്കി, ഇയാൾക്ക് 28 വയസ്സാണ് പ്രായം. താനൊരു വിദ്യാർഥിയാണെന്ന് ഇയാൾ എങ്ങനെ അവകാശപ്പെടുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല! ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂവെങ്കിലും കഴിഞ്ഞ 20 വർഷമായി പൊതുജീവിതത്തിലുണ്ട്. ഇയാളുടെ പ്രായത്തിൽ എനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു’ കങ്കണ തുറന്നടിച്ചു.

ഒരു പുതിയ പാർലമെന്റ് അംഗമെന്ന നിലയിൽ തുടക്കത്തിൽ ജോലികളുടെ ഭാരം തന്നെ അലട്ടിയിരുന്നുവെന്നും, എന്നാൽ താനൊരു ചലച്ചിത്ര പ്രവർത്തകയും സംരംഭകയും എന്ന നിലയിൽ എന്നും വലിയ ആവശ്യക്കാരുള്ള വ്യക്തിയാണെന്നും കങ്കണ കൂട്ടിച്ചേർത്തു. കങ്കണയുടെ ഈ പുതിയ വിവാദ പരാമർശങ്ങൾ ഇപ്പോൾ രാഷ്ട്രീയ-സിനിമാ ലോകത്ത് വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

Tags:    
News Summary - Kangana Shares Reel Mocking Cockroach Janata Party Founder Abhijeet Dipke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.