ഗ്വാളിയോർ: സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ സ്വന്തം കാറിൽ ലിപ്സ്റ്റികുകൊണ്ട് ആയിരക്കണക്കിന് ചുംബന അടയാളങ്ങൾ പതിപ്പിച്ച് റീൽസ് നിർമ്മിച്ച യുവാവിന് ട്രാഫിക് പൊലീസിന്റെ പണികിട്ടി. ഗ്വാളിയോർ സ്വദേശിയും ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററുമായ ആദിത്യ സിക്കർവാറാണ് വിചിത്രമായ പരീക്ഷണത്തിലൂടെ നിയമക്കുരുക്കിൽപ്പെട്ടത്. സുഹൃത്തായ യുവതിയുടെ ആശയപ്രകാരമാണ് സ്വിഫ്റ്റ് കാറിന്റെ ബോഡി മുഴുവൻ ലിപ്സ്റ്റിക് ഉപയോഗിച്ച് ചുംബന മുദ്രകൾ പതിപ്പിച്ചത്. ഇതിനായി 800 മുതൽ 900 രൂപ വരെ വിലവരുന്ന ലിപ്സ്റ്റിക്കുകൾ ഉപയോഗിച്ചു. മൂന്നര മണിക്കൂറോളം സമയമെടുത്താണ് കാറിൽ 3,400-ലധികം അടയാളങ്ങൾ ഇവർ തീർത്തത്. തുടർന്ന് ഈ കാറോടിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വളരെ പെട്ടെന്ന് തന്നെ തരംഗമായി. അഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് ഈ റീൽസ് കണ്ടത്. എന്നാൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവം ഗ്വാളിയോർ ട്രാഫിക് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും, താട്ടിപൂർ പ്രദേശത്തുനിന്നും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നഗരത്തിലൂടെ അതിവേഗത്തിൽ വാഹനം ഓടിച്ചതടക്കമുള്ള വിവിധ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി 5,500 രൂപയാണ് പൊലീസ് പിഴ ചുമത്തിയത്. സ്റ്റേഷനിലെത്തിച്ച വാഹനത്തിലെ ലിപ്സ്റ്റിക് പാടുകൾ ആദിത്യ നേരിട്ട് തന്നെ ഉരച്ചുമാറ്റേണ്ടിയും വന്നു. സംഭവത്തിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ച ആദിത്യ, ഇനിമുതൽ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാമെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്നും പൊലീസിന് ഉറപ്പുനൽകി. പൊലീസ് നടപടിയെത്തുടർന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ ഇയാൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് താൽക്കാലികമായി ബ്ലോക്ക് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.