ന്യൂഡൽഹി: പാർട്ടി വിട്ട് നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻ.സി.പി.ഐ) ചേർന്ന തൃണമൂൽ കോൺഗ്രസിന്റെ 20 വിമത ലോക്സഭ എം.പിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
തൃണമൂൽ ജനറൽ സെക്രട്ടറിയും ലോക്സഭാ നേതാവുമായ അഭിഷേക് ബാനർജി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് ഈ സുപ്രധാന നടപടി. വിമത എം.പിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സ്പീക്കർ ഓം ബിർള പെട്ടെന്ന് തന്നെ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഷേക് ബാനർജി കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതി ആദ്യം സ്പീക്കർക്കും നോട്ടീസ് അയക്കാൻ സൂചന നൽകിയിരുന്നെങ്കിലും, സ്പീക്കർക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർഥിനയെ തുടർന്ന് അത് ഒഴിവാക്കുകയായിരുന്നു. സ്പീക്കർക്ക് വേണ്ടി താൻ ഹാജരാകുമെന്നും, അയോഗ്യത ഹർജികളിൽ സ്പീക്കർ ഇതിനോടകം തന്നെ നോട്ടീസ് അയച്ചിട്ടുണ്ടെന്നുമുള്ള നിർദ്ദേശങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
എന്നാൽ, സോളിസിറ്റർ ജനറലിന്റെ ഈ വാദത്തോട് പ്രതികരിച്ച ജസ്റ്റിസ് ബാഗചി, ‘ഇത് നോട്ടീസ് അയക്കുന്നതിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുന്നതിന്റെ പ്രശ്നമാണ്’ എന്ന് വ്യക്തമാക്കി. എം.പിമാരുടെ അയോഗ്യത നടപടികൾ തീരുമാനിക്കുന്നതിലുണ്ടായ കാലതാമസത്തെയാണ് അഭിഷേക് ബാനർജിയുടെ ഹർജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.
കോടതി നടപടികളിൽ പ്രതികരിച്ചുകൊണ്ട് അഭിഷേക് ബാനർജിക്ക് വേണ്ടി ഹാജരായ കല്യാൺ ബാനർജി, ഇത് തൃണമൂലിന് ലഭിച്ച വലിയ വിജയമാണെന്നും കോടതി ഉടൻ തന്നെ അടുത്ത തീയതി പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്നാണ് ഈ തർക്കം ആരംഭിക്കുന്നത്. പാർട്ടിയുടെ 20 ലോക്സഭ എം.പിമാർ ത്രിപുര കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻ.സി.പി.ഐ) ലയിച്ചതായി പ്രഖ്യാപിക്കുകയും സഭയിൽ പ്രത്യേക അംഗീകാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പാർലമെന്റിൽ ഈ വിമത എം.പിമാരെ എൻ.സി.പി.ഐ ഗ്രൂപ്പായി പരിഗണിക്കുകയും അവർ എൻ.ഡി.എ യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
തങ്ങളുടെ ചിഹ്നത്തിൽ വിജയിച്ച എം.പിമാർ മറ്റൊരു രാഷ്ട്രീയ സംഘടനയുമായി ചേർന്നു പ്രവർത്തിക്കുന്നത് പാർട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിക്കുന്നതിന് തുല്യമാണെന്നും, ഇത് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയ്ക്ക് കാരണമാകുമെന്നുമാണ് തൃണമൂൽ കോൺഗ്രസ് വാദിക്കുന്നത്. എന്നാൽ തങ്ങളുടെ നീക്കം സാധുവായ ലയനമാണെന്നാണ് വിമത വിഭാഗത്തിന്റെ വാദം. ഹർജിയിൽ ലോക്സഭാ സ്പീക്കറെയും സെക്രട്ടറി ജനറലിനെയും കൂടാതെ അയോഗ്യത നടപടികൾ നേരിടുന്ന 20 വിമത എം.പിമാരെയും എതിർകക്ഷികളാക്കിയിട്ടുണ്ട്.
കോക്കലി ഘോഷ് ദസ്തിദാർ, സുദീപ് ബന്ദോപാധ്യായ, ശതാബ്ദി റോയ്, പ്രസൂൺ ബാനർജി, രചന ബാനർജി, ജഗദീഷ് ചന്ദ്ര ബർമ ബസുനിയ, പാർത്ഥ ഭൗമിക്, അരുപ് ചക്രവർത്തി, അധികാരി ദീപക് ദേവ്, സായനി ഘോഷ്, ബാപി ഹാൾദർ, മുഹമ്മദ് അബു താഹിർ ഖാൻ, കാളിപദ സരൻ ഖേർവാൽ, അസിത് കുമാർ മാൾ, ജൂൺ മാലിയ, മിതാലി ബാഗ്, ഖലീലുർ റഹ്മാൻ, മാല റോയ്, ശർമിള സർക്കാർ, യൂസഫ് പത്താൻ എന്നിവരാണ് ഹർജിയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് എം.പിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.