'100% ആട്ട’, ‘0% മൈദ’ അവകാശവാദം: ഐ.ടി.സിയുടെ ലൈസൻസ് റദ്ദാക്കുന്നത് തടഞ്ഞ് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ‘100% ആട്ട’, ‘100% മധ്യപ്രദേശ് ഗോതമ്പ്’, ‘0% മൈദ’ എന്നീ അവകാശവാദങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ ഐ.ടി.സി ലിമിറ്റഡിന്റെ ഭക്ഷ്യ ബിസിനസ് ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ)യെ ഡൽഹി ഹൈകോടതി താൽക്കാലികമായി വിലക്കി.

ആശിർവാദ് എംപി ചക്കി ആട്ടയുടെ പാക്കേജിങ്ങിലും പ്രചാരണങ്ങളിലും ‘100% ആട്ട’, ‘0% മൈദ’ തുടങ്ങിയ അവകാശവാദങ്ങൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.

ജസ്റ്റിസ് സ്വർണ കാന്ത ശർമയാണ് ചൊവ്വാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 13ന് ഭക്ഷ്യ സുരക്ഷ അതോറിറ്റി നൽകിയ ഇംപ്രൂവ്‌മെന്റ് നോട്ടീസ് പാലിക്കാനുള്ള സമയപരിധി 28ന് അവസാനിക്കുമെന്ന് ഐ.ടി.സി കോടതിയെ അറിയിച്ചു. കേസ് സെപ്റ്റംബർ 9ന് വീണ്ടും പരിഗണിക്കും.

2025 മെയ് മാസത്തിൽ ഭക്ഷ്യ സുരക്ഷ അതോറിറ്റി പുറത്തിറക്കിയ നിർദേശത്തിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ലേബലിലും പാക്കേജിങ്ങിലും പരസ്യങ്ങളിലും ‘100%’ എന്ന പ്രയോഗം ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു. ഈ നിർദേശം ലംഘിച്ചെന്നാരോപിച്ചാണ് ഐ.ടി.സിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

എന്നാൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള അവസരം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഇംപ്രൂവ്‌മെന്റ് നോട്ടീസ് നൽകിയെന്ന് ഐ.ടി.സി വാദിച്ചു. ഇത് സ്വാഭാവിക നീതിയുടെ തത്വങ്ങളുടെ ലംഘനമാണെന്നും കമ്പനി കോടതിയിൽ പറഞ്ഞു.

ഉൽപ്പന്നത്തിൽ മൈദ അടങ്ങിയിട്ടുണ്ടെന്നോ, ആട്ടക്ക് പുറമെ മറ്റേതെങ്കിലും ഘടകം ഉപയോഗിച്ചിട്ടുണ്ടെന്നോ, മധ്യപ്രദേശിന് പുറത്തുനിന്നുള്ള ഗോതമ്പ് ഉപയോഗിച്ചിട്ടുണ്ടെന്നോ അതോറിറ്റി ആരോപിച്ചിട്ടില്ലെന്നും ഐ.ടി.സി  ചൂണ്ടിക്കാട്ടി.

അതേസമയം, ഡൽഹി ഹൈകോടതിയിൽ ഹരജി പരിഗണിക്കാനുള്ള പ്രദേശിക അധികാരപരിധിയെയും അതോറിറ്റി ചോദ്യം ചെയ്തു. പ്രദേശിക അധികാരപരിധി സംബന്ധിച്ച വാദങ്ങൾ പരിശോധിച്ച ശേഷമായിരിക്കും കോടതി അന്തിമ തീരുമാനം എടുക്കുക. അതുവരെ ഐ.ടി.സി യുടെ ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും എടുക്കരുതെന്ന് ഭക്ഷ്യ സുരക്ഷ അതോറിറ്റിയോട് കോടതി നിർദേശിച്ചു.

Tags:    
News Summary - '100% Atta', '0% Maida' Claim: Delhi High Court Stays Cancellation of ITC's License

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.