ജാദവ്പൂർ സർവകലാശാലയിലെ ‘ഫ്രീ ഫലസ്തീൻ’ ചുവരെഴുത്ത്

ജാദവ്പൂർ സർവകലാശാലയിലെ ‘ഫ്രീ ഫലസ്തീൻ’ ചുവരെഴുത്തിനെതിരെ സുവേന്ദു അധികാരി; അന്വേഷണത്തിന് നിർദേശം

കൊൽക്കത്ത: ജാദവ്പൂർ സർവകലാശാലയിലെ ചുവരെഴുത്തുകൾക്കെതിരെ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. സർവകലാശാലയിലെ ആർട്സ് ഡിവിഷൻ ബോയ്സ് ഹോസ്റ്റൽ പരിസരത്തെ ചില ചുവരെഴുത്തുകൾ രാജ്യവിരുദ്ധമാണെന്ന് ആരോപിച്ച അദ്ദേഹം സംഭവത്തിൽ അന്വേഷണം നടത്താൻ സർവകലാശാല അധികൃതരോട് ആവശ്യപ്പെട്ടു. അധികാരി പങ്കുവച്ച വിഡിയോയിൽ ‘ഫ്രീ ഫലസ്തീൻ’, ‘​ഫ്രീഡം ഫോർ ഫലസ്തീൻ’, ‘ബ്രേക് ഫാസിസം വിത്ത് റെഡ്’, ‘വുമൺ ഹോൾഡ് ഹാഫ് ദ സ്കൈ’, ‘ലോങ്‍ലിവ് ദ സി.പി.ഐ മാവോയിസ്റ്റ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ചുവരുകളിൽ എഴുതിയതായി കാണാം. ഇവ അപലപനീയവും അക്രമസ്വഭാവമുള്ളതും രാജ്യവിരുദ്ധവുമായ സന്ദേശങ്ങളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന്റെയും അക്കാദമിക മികവിന്റെയും രാജ്യനിർമാണത്തിന്റെയും കേന്ദ്രങ്ങളായിരിക്കണമെന്നും അവിടങ്ങൾ ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചുവരെഴുത്തുകൾ യഥാർഥത്തിൽ അവിടെ ഉണ്ടായിരുന്നോ എന്ന് അധികൃതർ നേരിട്ട് പരിശോധിച്ച് സ്ഥിരീകരിക്കണമെന്നും അധികാരി ആവശ്യപ്പെട്ടു. ജാദവ്പൂർ സർവകലാശാല വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തരമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

സർവകലാശാലയിൽ എ.ബി.വി.പി, എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് വൈസ് ചാൻസലർ ചിരഞ്ജിബ് ഭട്ടാചാര്യയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. സംഘർഷത്തിൽ പുറത്തുനിന്നെത്തിയവർ ആക്രമണം നടത്തിയെന്ന് ഇടത് വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്.

Tags:    
News Summary - Jadavpur Wall Graffiti Sparks Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.