പാട്ന: ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി) പരീക്ഷകളിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി സമ്രാട്ട് ചൗധറിയുടെ വസതിയിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിൽ സംഘർഷം. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമക്കേടുകൾ നടന്ന 70-ാമത് ബി.പി.എസ്.സി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ പ്രതിഷേധം ആരംഭിച്ചത്.
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധവുമായി നീങ്ങിയ വിദ്യാർഥികൾ പൊലീസ് വഴികളിൽ സ്ഥാപിച്ച ബാരിക്കേഡുകൾ ഭേദിച്ച് മുന്നോട്ടുനീങ്ങുകയായിരുന്നു. ഇതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് മാർച്ച് തടയാൻ ശ്രമിച്ചതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങി.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് പലയിടത്തും ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. എന്നാൽ ത്രിവർണ പതാകയുമായി എത്തിയ വിദ്യാർത്ഥികൾ പിന്മാറാൻ തയ്യാറായില്ല. പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ അവർ നൃത്തം ചെയ്ത് അതിനെ പ്രതിരോധിച്ചു. ബാരിക്കേഡുകൾ മറികടന്ന് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമെത്തി. സംഘർഷത്തിനിടെ നിരവധി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 10 മണിയോടെ ഗാന്ധി മൈതാനത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്.
വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടയിൽ, ഭൂമി സംബന്ധമായ പ്രശ്നങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന കർഷകരും കറുത്ത കൊടികളുമായി പട്നയിലെ പ്രതിഷേധത്തിൽ പങ്കുചേർന്നു.
ബി.പി.എസ്.സി-ടി.ആർ.ഇ 4-ൽ ഒറ്റഘട്ട പരീക്ഷ നടത്തുക, നിയമന പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കുക, ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ (ബി.എസ്.എസ്.സി) നിയമന പരീക്ഷകൾ നടത്തുക, ഹിന്ദി മീഡിയം ഉദ്യോഗാർത്ഥികൾക്ക് നീതിയുക്തമായ അവസരങ്ങൾ നൽകുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ പട്നയിൽ ആഴ്ചകളായി സമരം ചെയ്തുവരികയാണ്.
സർക്കാർ പ്രതിനിധികളുമായി വിദ്യാർത്ഥി പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.