ജ്യോതിരാദിത്യ സിന്ധ്യ
സാറ്റ്കോം മേഖലയിൽ കുത്തക അനുവദിക്കില്ല; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: ഇന്ത്യയിൽ ഉപഗ്രഹ ആശയവിനിമയ (സാറ്റ്കോം) രംഗത്ത് ഒരു കമ്പനിയുടെയും കുത്തക അനുവദിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ വാണിജ്യ ലൈസൻസ് തടസ്സപ്പെടുത്താൻ ചില സ്ഥാപിത താല്പര്യക്കാർ ശ്രമിക്കുന്നുവെന്ന 'സ്പേസ് എക്സ്' മേധാവി ഇലോൺ മസ്കിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സാറ്റ്കോം സേവനങ്ങൾ നൽകാൻ ആഗ്രഹിച്ച എല്ലാ ഓപ്പറേറ്റർമാർക്കും അനുമതി നൽകിയിട്ടുണ്ടെന്നും ഒരു പ്രത്യേക കമ്പനിയോടും വിവേചനമോ മുൻഗണനയോ കാട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. റിലയൻസ് ജിയോ, വൺവെബ്, സ്റ്റാർലിങ്ക് എന്നീ മൂന്ന് കമ്പനികൾക്കും ഇതിനകം ലൈസൻസുകൾ അനുവദിച്ചിട്ടുണ്ടെന്നും, ഈ മേഖലയിലേക്ക് പ്രവേശിക്കാൻ താല്പര്യമുള്ള ആമസോൺ നിർദ്ദിഷ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇന്ത്യ ഒരു മേഖലയിലും ആരുടെയും കുത്തക വാഴ്ച അനുവദിക്കില്ല എന്നത് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ, സാറ്റ്കോം മേഖലയിലും ഒരു കമ്പനിയെ മാത്രമായി തെരഞ്ഞെടുത്തിട്ടില്ല. സേവനം നൽകാൻ ആഗ്രഹിച്ച എല്ലാവർക്കും ലൈസൻസ് നൽകിയിട്ടുണ്ട്. ഇന്ന് മൂന്ന് കമ്പനികൾക്കാണ് ലൈസൻസുള്ളത്—റിലയൻസ് ജിയോ, വൺവെബ്, സ്റ്റാർലിങ്ക്. ആമസോണും ലൈസൻസിനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, അവർ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്."
— ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
സ്പെക്ട്രം വിലനിർണയം അന്തിമഘട്ടത്തിൽ; സുരക്ഷാ നിബന്ധനകൾ ഓരോ കമ്പനിയും പാലിക്കണം
സാറ്റ്കോം സ്പെക്ട്രം ലേലം ചെയ്യാതെ ഭരണപരമായ രീതിയിൽ അനുവദിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതിനെത്തുടർന്ന് സേവനങ്ങൾക്കുള്ള വിലനിർണായ ചട്ടക്കൂട് അന്തിമമാക്കാനുള്ള ചർച്ചകൾ ടെലികോം റെഗുലേറ്ററി അതോറിറ്റിയും ടെലികോം വകുപ്പും തമ്മിൽ പൂർത്തിയാക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
എന്നാൽ വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിന് മുൻപായി ഓരോ കമ്പനിയും നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തിഗതമായി പാലിക്കേണ്ടതുണ്ട്. റവന്യൂ ചാർജ് ഘടന നിലവിൽ വരുന്നതിനൊപ്പം, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകളിൽ തൃപ്തികരമായ മുന്നേറ്റം കൈവരിച്ചാൽ മാത്രമേ ഓരോ കമ്പനിക്കും സർവീസ് തുടങ്ങാൻ അനുമതി ലഭിക്കൂ.
ഇന്ത്യൻ ചട്ടങ്ങൾ പൂർണമായി പാലിച്ചിട്ടും അഞ്ച് വർഷമായി തങ്ങളുടെ ലൈസൻസ് തടഞ്ഞുവെക്കാൻ ശക്തരായ വ്യവസായ ലോബികൾ നീക്കം നടത്തുന്നുവെന്നായിരുന്നു ഇലോൺ മസ്കിന്റെ ആരോപണം. എന്നാൽ ലൈസൻസ് ലഭിച്ച മൂന്ന് കമ്പനികളും നിയന്ത്രണ നടപടിക്രമങ്ങളിൽ തുല്യ ഘട്ടത്തിലാണെന്നും, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി സ്പെക്ട്രം അനുവദിക്കുന്ന മുറയ്ക്കേ സേവനം തുടങ്ങാനാകൂ എന്നും മന്ത്രാലയം നേരത്തെയും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.