‘ജനറൽ ഡയറോ മംഗൽ പാണ്ഡെയോ? ചരിത്രം എങ്ങനെ ഓർക്കണമെന്ന് തീരുമാനിക്കൂ’; ഡൽഹി പൊലീസിനോട് അശുതോഷ് റങ്ക
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ ശനിയാഴ്ച നടക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി പൊലീസിന് തുറന്ന കത്തുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് അശുതോഷ് റങ്ക. സമരത്തിനെത്തുന്ന വിദ്യാർഥികൾക്ക് നേരെ ബലം പ്രയോഗിക്കരുതെന്നും രാത്രിയുടെ മറവിൽ അവരെ ഗുണ്ടകളെ പോലെ പിടിച്ചുകൊണ്ടുപോകരുതെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച എക്സിലൂടെയാണ് റങ്ക പ്രതികരിച്ചത്.
ഇപ്പോൾ നടക്കുന്നതെല്ലാം മുകളിൽ നിന്നുള്ള ഉത്തരവ് കൊണ്ടാണെന്ന് അറിയാം. പക്ഷേ സ്വന്തം മക്കളെ പോലുള്ള കുട്ടികൾക്ക് നേരെ എങ്ങനെയാണ് കൈ പൊങ്ങുന്നതെന്നും അദ്ദേഹം ചോദിച്ചു. ചെയ്യുന്നത് മനസാക്ഷിക്ക് നിരക്കുന്നതാണോ എന്ന് ഓരോ പോലീസുകാരനും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് ഭരണകാലത്ത് ‘ഉത്തരവ്’ എന്ന് പറഞ്ഞ് സ്വന്തം നാട്ടുകാർക്ക് നേരെ വെടിവെച്ചവരെ ഇന്നും ഈ രാജ്യം ഓർക്കുന്നത് രാജ്യദ്രോഹികളായിട്ടാണ്. ആ പഴി കേൾക്കാനാണോ ആഗ്രഹമെന്നും അദ്ദേഹം ചോദിച്ചു. ജൂലൈ 20ന് ഡൽഹിയിൽ നടന്ന സംഘർഷത്തിന്റെ രക്തക്കറ ഇപ്പോഴും ഡൽഹി പോലീസിന്റെ കൈകളിൽ ഉണ്ടെന്നും റങ്ക കുറ്റപ്പെടുത്തി.
എന്ത് തടസം നേരിട്ടാലും ശനിയാഴ്ച തങ്ങൾ ജന്തർ മന്തറിൽ എത്തുമെന്ന് സിജെപി വ്യക്തമാക്കി. ഇത് വെറും സമരമല്ല മറിച്ച് രാജ്യത്തെ രക്ഷിക്കാനുള്ള ചരിത്ര പോരാട്ടമാണെന്നാണ് അവരുടെ നിലപാട്.
ചരിത്രം നിങ്ങളെ ഓർക്കേണ്ടത് ജാലിയൻവാലാബാഗിൽ നിരപരാധികളെ കൊന്ന ജനറൽ ഡയറായിട്ടാണോ അതോ ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയ രക്തസാക്ഷി മംഗൽ പാണ്ഡെയായിട്ടാണോ എന്നത് തീരുമാനിക്കേണ്ടത് നിങ്ങളാണെന്ന് ചോദ്യവുമായാണ് കത്ത് അവസാനിക്കുന്നത്.
അതിനിടെ ഒക്ടോബർ 10ലെ സമരത്തിൽ പങ്കെടുക്കാൻ പൂണെയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിദ്യാർത്ഥി സംഘത്തെ വഴിയിൽ തടഞ്ഞുവെച്ച് അജ്ഞാത കേന്ദ്രത്തിലേക്ക് ബസിൽ കൊണ്ടുപോയതായി സിജെപി ആരോപിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയ വഴി പാർട്ടി പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.