റെയിൽവേയിൽ ജോലിചെയ്തവരെയും കേന്ദ്രസർക്കാർ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: റെയിൽവേയിൽ ജോലിചെയ്തവരെയും കേന്ദ്രസർക്കാർ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി . ജീവനക്കാരുടെ സേവന വ്യവസ്ഥകൾ റെയിൽവേ ചട്ടപ്രകാരമാണ് എന്ന കാരണം കൊണ്ട് അവർ കേന്ദ്ര ജീവനക്കാരല്ലാതാകുന്നില്ല എന്നും കോടതി പറഞ്ഞു. പുതിയ ജോലിയിൽ വേതനം നിശ്ചയിക്കുമ്പോൾ ഇവർക്ക് വെയിറ്റേജ് നൽകണം. ഇത്തരം സർവീസ് വിഷയങ്ങളിൽ റെയിൽവേ ജീവനക്കാർക്ക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാമെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

പത്തുവർഷത്തിലേറെ റെയിൽവേയിൽ സ്ഥിരം സർവീസിലുണ്ടായശേഷം കെ.എസ്.ഇ.ബി.യിൽ സബ് എൻജിനിയറായി പ്രവേശിച്ച ബെൻസി ജോണിന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി. 1990-ലാണ് ബെൻസി ജോൺ റെയിൽവേയിൽ ജൂനിയർ ഡ്രാഫ്റ്റ്സ്മാനായി ജോലിയിൽ പ്രവേശിച്ചത്. 2001-ൽ റെയിൽവേ ജോലിയിൽനിന്നിറങ്ങിയശേഷം കെ.എസ്.ഇ.ബി.യിൽ സബ് എൻജിനിയറായി. റെയിൽവേയിലെ മുൻകാല സർവീസും ബെൻസിയുടെ ശമ്പളം നിശ്ചയിക്കാൻ പരിഗണിച്ചിരുന്നു. എന്നാൽ, 2012 ഡിസംബറിൽ റെയിൽവേ ബോർഡിന്റെ ചീഫ് ഇന്റേണൽ ഓഡിറ്റർ ഇതിനെ എതിർക്കുകയും അധികമായി നൽകിയ തുക തിരിച്ചുപിടിക്കാൻ ഉത്തരവിടുകയും ചെയ്യുകയുമായിരുന്നു. റെയിൽവേ സർവീസിനെ കേന്ദ്ര സർക്കാർ സർവീസായി പരിഗണിച്ച് ശമ്പളനിർണയത്തിൽ വെയിറ്റേജ് നൽകാനാവില്ലെന്നാണ് അന്ന് കാരണമായി പറഞ്ഞിരുന്നത്.

റെയിൽവേയിലെ സേവനം കേന്ദ്ര സർവീസായി കണക്കാക്കാമെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് അത് റദ്ദാക്കുകയായിരുന്നു. കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങളല്ല റെയിൽവേജീവനക്കാർക്ക് ബാധകമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവാണ് റെയിൽവേയെന്ന് സുപ്രീംകോടതി പറഞ്ഞു. റെയിൽവേ ബോർഡിനുള്ള അധികാരങ്ങൾ, അതിനുകീഴിലെ ജോലിക്കാരുടെ കേന്ദ്ര ജീവനക്കാരെന്ന പദവി ഇല്ലാതാക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി റദ്ദാക്കുകയും സിംഗിൾ ബെഞ്ചിന്റേത് പുനഃസ്ഥാപിക്കുകയും ചെയ്ത സുപ്രീംകോടതി, ഹർജിക്കാരന് മൂന്നുമാസത്തിനകം ആനുകൂല്യങ്ങൾ നൽകാനും ഉത്തരവിട്ടു. ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ രഞ്ജിത് മാരാർ, ലക്ഷ്മി എൻ. കൈമൾ എന്നിവരും കെ.എസ്.ഇ.ബി.ക്കുവേണ്ടി കെ.ആർ. സുഭാഷ് ചന്ദ്രൻ, എൽ.ആർ. കൃഷ്ണയും ഹാജരായി.

Tags:    
News Summary - Supreme Court should consider those who worked in the railways as central government employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.