ന്യൂഡൽഹി: ബി.െജ.പി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ജഡ്ജി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവമുന്നയിച്ച് കൂടുതൽ രാഷ്്ട്രീയ നേതാക്കൾ രംഗത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം ബി.ജെ.പിയുടെതന്നെ മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരുമായ അരുൺ ഷൂരി, യശ്വന്ത് സിൻഹ എന്നിവരും അന്വേഷണം ആവശ്യപ്പെട്ടത് പാർട്ടിയെ പ്രതിരോധത്തിലാക്കി.
ജഡ്ജി ലോയയുടെ മരണത്തിൽ അടിയന്തരവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. രാജ്യം എത്തിപ്പെട്ട സ്ഥിതിവിശേഷമാണിതെന്നും 2019ൽ ജനം ഒന്നടങ്കം മോദിക്കെതിരെ രംഗത്തുവരുന്ന സാഹചര്യമാണ് ഇതിലൂടെ സംജാതമായിരിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. രാജ്യത്തെ അപകടകരമായ മേഖലയിലേക്ക് കൊണ്ടുപോകുന്നവർക്കെതിരെ ഒരു സ്ഥാനാർഥി വേണമെന്നും കെജ്രിവാൾ നിർദേശിച്ചു.
അമിത് ഷാ കേസിൽനിന്ന് കുറ്റമുക്തനാക്കപ്പെടുന്നതിെൻറ തൊട്ടുമുമ്പാണ് ഇൗ മരണം സംഭവിച്ചതെന്നും വളരെ ഞെട്ടിക്കുന്ന സംഭവത്തിൽ മുഖ്യധാര മാധ്യമങ്ങൾ മൗനംപാലിെച്ചന്നും ബി.ജെ.പിയുടെ മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി വിമർശിച്ചു. അങ്കിത് ലാൽ രചിച്ച ‘ഇന്ത്യ സോഷ്യൽ’ പുസ്തകത്തിെൻറ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്ന് മുൻ ധനമന്ത്രികൂടിയായ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ ആവശ്യപ്പെട്ടു. തുടക്കം മുതൽ ഇൗ കേസിൽ ഒത്തുതീർപ്പുകൾ ഉണ്ടായതായി സംശയിക്കണമെന്ന് ചാനലിന് നൽകിയ അഭിമുഖത്തിൽ സിൻഹ പറഞ്ഞു.
ആദ്യം വാദംകേട്ട ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ചതും ഇൗ ജഡ്ജിക്ക് ബോംബെ ഹൈകോടതിയിലെ മറ്റൊരു ജഡ്ജി 100 കോടി വാഗ്ദാനം ചെയ്തു എന്ന ആരോപണവും ഗൗരവമുള്ളതാണ്.
ഇൗ സംശയങ്ങൾ നീക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ടെന്നും യശ്വന്ത് സിൻഹ പറഞ്ഞു.
സി.ബി.െഎ അന്വേഷിക്കണമെന്ന് അഭിഭാഷകർ
മുംബൈ: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച സി.ബി.െഎ പ്രത്യേക ജഡ്ജിയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് അഭിഭാഷകർ. ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണം കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.െഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലാത്തൂർ ബാർ അസോസിയേഷൻ പ്രമേയം പാസാക്കി.
2014 ഡിസംബർ 14ന് നാഗ്പുരിലാണ് ദുരൂഹസാഹചര്യത്തിൽ ലോയ മരിച്ചത്. ഇൗ സമയത്ത് അദ്ദേഹം സൊഹ്റാബുദ്ദീൻ ശൈഖ് കേസ് പരിഗണിച്ചിരുന്നു. വ്യാജഏറ്റുമുട്ടൽ നടന്ന സമയത്ത് അമിത് ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്നു.
മറാത്ത്വാഡ മേഖലയിലെ ലാത്തൂർ സ്വദേശിയായ ലോയ, ഇവിടത്തെ കോടതിയിൽ ഒരു ദശകത്തോളം പ്രാക്ടിസ് ചെയ്തിരുന്നു. അതിനാൽ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ സി.ബി.െഎ അന്വേഷണം വേണമെന്നാണ് ബാർ അസോസിയേഷൻ ജനറൽബോഡി യോഗം അംഗീകരിച്ച പ്രമേയത്തിെല ആവശ്യം. ഇതുസംബന്ധിച്ച നിവേദനം അഭിഭാഷകസംഘം തിങ്കളാഴ്ച ജില്ലകലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.