ഇ.വി.എമ്മുകൾ ഒരുമിച്ച് എണ്ണൽ; കേന്ദ്ര നിലപാട് തേടി സുപ്രീംകോടതി
ന്യൂഡൽഹി: ബൂത്ത് തിരിച്ച് ഇലക്ട്രോണിക് വോട്ടുയന്ത്രം എണ്ണുന്നതിന് പകരം ഒരുമിച്ച് എണ്ണുന്നതിന് ‘ടോട്ടലൈസർ’ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ, യോഗേഷ് ഗുപ്ത തുടങ്ങിയവർ നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാറിന്റെ നിലപാട് തേടി സുപ്രീംകോടതി.
വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കാനും പ്രതികാര നടപടികളിൽനിന്ന് അവരെ രക്ഷിക്കാനും ടോട്ടലൈസറുകൾ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ്, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര നിലപാട് തേടിയത്.
ബൂത്ത് തിരിച്ചുള്ള വോട്ടിങ് വിവരങ്ങൾ പുറത്തുവിടാതെ ഒന്നിലധികം ഇലക്ട്രോണിക് വോട്ടു യന്ത്രങ്ങളിലെ വോട്ടുകൾ ഒരുമിച്ച് എണ്ണി ക്രോഡീകരിക്കാൻ രൂപകൽപന ചെയ്തിട്ടുള്ളവയാണ് ടോട്ടലൈസറുകൾ. ഏകദേശം 14 പോളിങ് ബൂത്തുകളിലെ ഇ.വി.എമ്മുകൾ കേബ്ൾ വഴി ബന്ധിപ്പിച്ചാണ് ടോട്ടലൈസർ പ്രവർത്തിക്കുന്നത്.
ഇ.വി.എമ്മുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണുന്നതിന് ടോട്ടലൈസർ സംവിധാനം കൊണ്ടുവരുന്നതിനായി തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുന്ന കാര്യം കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും സംവിധാനം ഏർപ്പെടുത്തുന്നതിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്നും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. സംവിധാനം കാരണം എന്തെങ്കിലും പ്രത്യാഘാതമുണ്ടാകുമോ എന്നറിയാൻ താൽപര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
സ്വകാര്യത സംരക്ഷിക്കുന്നതിനും തെരഞ്ഞെടുപ്പാനന്തര അക്രമങ്ങൾ ഒഴിവാക്കുന്നതിനുമായി പല രാജ്യങ്ങളും ടോട്ടലൈസർ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് ഹരജിക്കാർ വാദിച്ചു. 2007 മുതൽ ഈയടുത്ത ദിവസം വരെ തെരഞ്ഞെടുപ്പ് കമീഷൻ ടോട്ടലൈസർ സംവിധാനത്തെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസം മറുപടി സത്യവാങ്മൂലം സമർപ്പിക്കുന്നതിന് മുമ്പുവരെയും ഇതായിരുന്നു നിലപാടെന്നും ഹരജിക്കാരിലൊരാളായ അശ്വിനി കുമാർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഇ.വി.എമ്മുകളെക്കുറിച്ചുതന്നെ ജനങ്ങൾക്കിടയിൽ നിരന്തരം സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നതിനിടെ ടോട്ടലൈസറുകൾ കൊണ്ടുവരുന്നത് കൂടുതൽ എതിർപ്പുണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കോടതിയിൽ വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങളിൽ ഇതിനായി വ്യവസ്ഥകളില്ലെന്നും ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും ടോട്ടലൈസർ സംവിധാനത്തെ എതിർക്കുകയാണെന്നും കമീഷൻ അറിയിച്ചു.
യന്ത്രത്തിലെ സാങ്കേതിക തകരാറോ മനുഷ്യരുടെ ഭാഗത്തുനിന്നുള്ള പിഴവുകളോ കണ്ടെത്താൻ ബൂത്ത് തിരിച്ചുള്ള കണക്കുകൾ വേണം. ടോട്ടലൈസർ വരുന്നതോടെ വോട്ടുകൾ കൂട്ടമായി എണ്ണപ്പെടുകയും മെഷീൻ തിരിച്ചുള്ള പരിശോധന അസാധ്യമാവുകയും ചെയ്യുമെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.