മാറ്റം അനിവാര്യമാണ് (ബദലാവ് സരൂരി ഹെ) എന്ന മുദ്രാവാക്യം ഉയർത്തി ഡൽഹി രംലീലാ മൈതാനിയിൽ സി.പി.ഐ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച സമരത്തിൽ നേതാക്കൾ
കേന്ദ്രനയങ്ങൾ തിരുത്തണം; താക്കീതായി ഡൽഹിയിൽ സി.പി.ഐ സമരം
ന്യൂഡൽഹി: മാറ്റം അനിവാര്യമാണ് (ബദലാവ് സരൂരി ഹെ) എന്ന മുദ്രാവാക്യം ഉയർത്തി ഡൽഹി രംലീലാ മൈതാനിയിൽ സി.പി.ഐ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച സമരത്തിൽ അണിനിരന്നത് ആയിരങ്ങൾ. അടുത്ത കാലത്ത് സി.പി.ഐയുടെ ഡൽഹിയിൽ നടക്കുന്ന ഏറ്റവും വലിയ സമരത്തിനാണ് രംലീലാ മൈതാനം സാക്ഷ്യംവഹിച്ചത്.
12 വർഷത്തെ നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകർത്തുവെന്ന് സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. ബദലാവ് സരൂരി ഹെ, ഇതൊരു മുദ്രാവാക്യമല്ല. മറിച്ച്, രാജ്യത്തെ ജനങ്ങളുടെ രോഷമാണ് രാം ലീലാ മൈതാനിയിൽ പ്രകടമാകുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെ പാര്‍ട്ടി നേതൃത്വത്തില്‍ ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നും രാജ പറഞ്ഞു.
പാര്‍ട്ടി നേതാക്കളായ അമര്‍ജിത് കൗര്‍, കെ. പ്രകാശ് ബാബു, ബിനോയ് വിശ്വം, പി. സന്തോഷ് കുമാര്‍, ഡോ. ബാല്‍ചന്ദ്ര കാഗോ, പല്ലബ് സെന്‍ ഗുപ്ത, രാമകൃഷ്ണ പണ്ഡ, ആനി രാജ, കെ. രാജന്, കെ.പി. രാജേന്ദ്രന്, പി.പി. സുനീര്‍, പി. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
വിലക്കയറ്റം തടയുക, യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക, സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക, വനിതാ സംവരണം ഉടനടി നടപ്പാക്കുക, താങ്ങുവിലക്ക് നിയമപരമായ ഗാരന്റി നൽകുക, തൊഴിലവകാശങ്ങൾ സംരക്ഷിക്കുക, ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക, ദലിതർക്കും ഗോത്ര വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക, അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചതാണ് മാർച്ച്.
കേരളത്തിൽനിന്ന് 2000ത്തോളം പേർ പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തി.
പ്രതിപക്ഷ ഉപനേതൃപദവിയിൽ ഉറച്ച് സി.പി.ഐ
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃപദവി വേണമെന്ന ആവശ്യത്തിൽ ഉറച്ച് സി.പി.ഐ. പദവി ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിച്ചു.
പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി സി.പി.ഐക്കും സി.പി.എമ്മിനും പിടിവാശിയില്ല. സി.പി.ഐക്ക് രാഷ്ട്രീയമുണ്ട്, സി.പി.എമ്മിനും അതുണ്ടാകാമെന്നും ഡൽഹിയിൽ മാധ്യമ പ്രവർത്തകരെ കണ്ട ബിനോയ് വിശ്വം വ്യക്തമാക്കി.
വിഷയത്തിൽ സി.പി.എം ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ല. ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വളരെ അടുപ്പമുള്ളതാണ്. ഇടതുപക്ഷത്തിന്റെ പ്രാധാന്യം സി.പി.ഐക്ക് നന്നായി അറിയാം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ ഏറ്റവും ഭദ്രമായ സംസ്ഥാനം കേരളമാണ്. കേരളത്തിലെ ഇടത് ഐക്യം ഏറെ പ്രാധാന്യമുള്ളതാണ്. ഈ ഐക്യത്തിന്റെ മഹത്ത്വം ഉൾക്കൊള്ളാൻ സി.പി.ഐക്ക് കഴിയും. സി.പി.എമ്മിനും ഈ കഴിവുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.