നാഷണൽ ക്രഷ് സിംഗിളാണ്, വിദേശിയെ കല്യാണം കഴിക്കാൻ പ്ലാനില്ല; സൈന്യത്തിൽ നിന്ന് വിരമിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കി മേജർ ഋഷഭ് സിങ് സംബ്യാൽ
സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ മേജർ ഋഷഭ് സിങ് സാംബാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് പ്രീമേച്ച്വർ റിട്ടയർമെന്റ് സ്വീകരിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന്‍റെ വിരമിക്കലുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ മുൻ എ.ഡി.സി (എയ്ഡ്-ഡി-ക്യാംപ്) ആയി സേവനമനുഷ്ഠിച്ച മേജർ ഋഷഭ് സിങ് സാംബാലിന് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ആരാധകർ ഉണ്ട്. 12 വർഷത്തെ സേവനത്തിനു ശഏഷമാണ് അദ്ദേഹം സ്വയം വിരമിച്ചത്. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് വിരമിച്ചതെന്ന് വ്യക്തമാക്കിയ അദ്ദേഹം തനിക്കെതിരെ ഉയർന്നു വന്ന അഭ്യൂഹങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി നൽകുകയും ചെയ്തു.
ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് മേജർ ഋഷഭ് സിങ് സാംബാൽ തന്‍റെ വിരമിക്കലിനു പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയത്. സൈന്യത്തിൽ നിന്നും വിരമിക്കാനുള്ള തീരുമാനം ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒന്നായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് വിരമിച്ചതെന്ന് വ്യക്തമാക്കി. താൻ വിരമിച്ചത് വിദേശിയെ വിവാഹം കഴിക്കാനാണെന്ന് പലരും പറയുന്നു, എന്നാൽ എനിക്ക് അങ്ങനെയൊരു പ്ലാനില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ ഉടനെയൊന്നും വിവാഹം കഴിക്കില്ലെന്നും വിവാഹിതനാവുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ഗേൾഫ്രണ്ട് ഇല്ലെന്നും, സിംഗിളാണെന്നും അദ്ദേഹം പറയുകയുണ്ടായി.
മാതാപിതാക്കളെ കുറിച്ചും സൈനിക യീണിഫോമിനെ കുറിച്ചും തന്‍റെ കഠിനാധ്യാനത്തെ കുറിച്ചുമെല്ലാം ഋഷഭ് പറയുകയുണ്ടായി. പദവി ഒഴിഞ്ഞതിന് ശേഷം ഓഗസ്റ്റ് 21-ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അദ്ദേഹം സന്ദർശിച്ചിരുന്നു. 2021-ലെ റിപ്പബ്ലിക് ഡേ പരേഡിൽ ജാട് റെജിമെന്റിന്റെ സംഘത്തെ നയിച്ച് മികച്ച മാർച്ചിംഗ് കണ്ടിൻജന്റ് ട്രോഫി നേടിയതോടെയാണ് സാംബാൽ ശ്രദ്ധേയനാകുന്നത്.
2024-25 കാലഘട്ടത്തിലാണ് രാഷ്ട്രപതിയുടെ എ.ഡി.സി.യായി അദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെട്ടത്. സായുധസേനയിലെ ഏറ്റവും അഭിമാനകരവും ഉത്തരവാദിത്വമുള്ളതുമായ നിയമനങ്ങളിലൊന്നാണിത്. രാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടികളിലും യാത്രകളിലും ഒപ്പമുണ്ടാകുക, പ്രോട്ടോക്കോൾ ചുമതലകൾ കൈകാര്യം ചെയ്യുക, അതീവ രഹസ്യമായ ഏകോപനങ്ങൾ നിർവഹിക്കുക തുടങ്ങിയവയാണ് എ.ഡി.സി.യുടെ പ്രധാന ഉത്തരവാദിത്വങ്ങൾ.
എ.ഡി.സി.യായിരിക്കെ ഔദ്യോഗിക ചടങ്ങുകളിലും വിദേശ സന്ദർശനങ്ങളിലും രാഷ്ട്രപതിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഴയിൽ രാഷ്ട്രപതിക്ക് കുട പിടിച്ചു നിൽക്കുന്നതും, ക്ഷേത്രപ്പടികൾ കയറാൻ സഹായിക്കുന്നതും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി യുവാക്കൾക്കിടയിൽ ഏറെ ജനപ്രിയനാക്കി. ഇതോടെ "നാഷണൽ ക്രഷ്" എന്ന വിശേഷണവും ലഭിച്ചു. നിരവധി ഫാൻ പേജുകളാണ് സോഷ്യൽ മീഡിയയിൽ രൂപപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.