എടപ്പാടി കെ. പളനിസ്വാമി, സി. ജോസഫ് വിജയ്
വേണമെങ്കിൽ വിജയ് അമേരിക്കൻ പ്രസിഡന്റാകട്ടെ; പരിഹാസവുമായി എടപ്പാടി പളനിസ്വാമി
കോയമ്പത്തൂർ: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ സി. ജോസഫ് വിജയ്ക്കെതിരെ പരിഹാസവും കടുത്ത വിമർശനവുമായി എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. വിജയ് ഭാവിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പാർട്ടി പ്രവർത്തകർ ഉയര്‍ത്തുന്ന വാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘വേണമെങ്കിൽ മുഖ്യമന്ത്രി വിജയ്ക്ക് അമേരിക്കയുടെ പ്രസിഡന്റും ആകാം’ എന്നായിരുന്നു മറുപടി.
സമൂഹമാധ്യമങ്ങളിലെ ‘റീൽസ്’ പ്രചാരണങ്ങളിലൂടെ മാത്രം സർക്കാർ നടത്തുന്ന രീതി തമിഴ്നാട്ടിൽ നടക്കില്ല. ചാർട്ടേഡ് വിമാനങ്ങളിലെ ആഡംബര യാത്രകളും കർഷകന്റെ മുഖംമൂടി അണിഞ്ഞ് നടക്കുന്ന ഭരണരീതിയും ചൂണ്ടിക്കാണിച്ച പളനിസ്വാമി, വിജയ് ഒരു ധൂർത്തനായ മുഖ്യമന്ത്രിയാണെന്നും വിമർശിച്ചു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ കാലത്ത് ചെലവുകൾ ചുരുക്കുന്നതിനായി വിഡിയോ കോൺഫറൻസിങ് വഴിയാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നതെന്നും പളനിസ്വാമി പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനനില പൂർണമായി തകർന്നു. കോയമ്പത്തൂരിൽ മാത്രം ഒരു മാസം ഒമ്പതോളം കൊലപാതകങ്ങൾ ഉണ്ടായി. അരി, പഞ്ചസാര, പാചകഎണ്ണ തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ പരാജയപ്പെട്ടു. അഴിമതിയും ജനരോഷവും കാരണം ഈ സർക്കാർ അഞ്ച് വർഷം തികച്ചുനിൽക്കില്ലെന്നും പളനിസ്വാമി അഭിപ്രായപ്പെട്ടു.
അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി പദവി ലക്ഷ്യമിടുന്നില്ലെന്നും, പ്രതിപക്ഷ ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധി മാത്രമാണ് മുന്നിലുള്ള ചോയ്‌സ് എന്നും എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോ ചൂണ്ടിക്കാട്ടി.
വിജയ് പ്രധാനമന്ത്രിയാകുമെന്ന തരത്തിലുള്ള പ്രസ്താവനകളിൽ നിന്ന് ടി.വി.കെ മന്ത്രിമാർ പിന്മാറണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, പ്രതിപക്ഷ ഇൻഡ്യ മുന്നണിയെ നയിക്കുന്നത് കോൺഗ്രസ് പാർട്ടിയായതിനാൽ രാഹുൽ ഗാന്ധി മാത്രമേ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ സാധ്യതയുള്ളൂവെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.