ഗില്ലി ഡാ... ക്രിസ്ത്യൻ ഡിയോർ സൺഗ്ലാസ് വയോധികക്ക് സമ്മാനിച്ച് വിജയ്; പിന്നാലെ മുഖ്യമന്ത്രിയുടെ കൈപിടിച്ച് കൈവീശി അഭിവാദ്യം

ചെന്നൈ: താൻ ധരിച്ചിരുന്ന വിലപിടിപ്പുള്ള സൺഗ്ലാസ് വയോധികക്ക് സമ്മാനിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കാവേരി ഡെൽറ്റയിലെ കർഷകർക്ക് ജലസേചനത്തിനായി സേലം ജില്ലയിലെ മേട്ടൂർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാനെത്തിയപ്പോഴാണ് ഹൃദയഹാരിയായ നിമിഷം.

ക്രിസ്ത്യൻ ഡിയോർ സൺഗ്ലാസാണ് വിജയ് വയോധികക്ക് സമ്മാനിച്ചത്. അണക്കെട്ട് തുറക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. സൺഗ്ലാസ് ധരിച്ച് വിജയുടെ കൈപിടിച്ച് നടക്കുന്ന വയോധികയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായി.

ചിന്നകാവൂരിലെ ഒരു കർഷകന്റെ വീട് സന്ദർശിക്കുന്നതിനിടെയാണ് സംഭവം. മുഖ്യമന്ത്രിയെ നേരിൽ കണ്ട സന്തോഷത്തിൽ കുടുംബത്തിലെ ചെല്ലം എന്ന് പേരുള്ള വയോധിക അദ്ദേഹത്തിന്റെ കൈകളിൽ പിടിക്കുകയും സ്നേഹപ്രകടനങ്ങൾ നടത്തുകയും ചെയ്തു. ഈ സമയം വിജയ് താൻ ധരിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിസ്ത്യൻ ഡിയോർ ബ്രാൻഡിന്റെ സൺഗ്ലാസ് ഊരി വയോധികക്ക് സമ്മാനമായി നൽകുകയായിരുന്നു. കണ്ണട ധരിച്ച വയോധികയുടെ കൈപിടിച്ച് വിജയ് ജനക്കൂട്ടത്തിനിടയിലൂടെ നടക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കൊപ്പം കണ്ണട ധരിച്ച് നടന്ന വയോധിക ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്യുന്നതും വിഡിയോയിൽ കാണാം.

കർണാടകയുമായി കാവേരി നദീജല തർക്കം തുടരുന്നതിനിടെയാണ് മേട്ടൂർ അണക്കെട്ട് തുറന്നത്. തമിഴ്നാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന കാവേരി ഡെൽറ്റയിലെ കർഷകർക്ക് ജലലഭ്യത ഉറപ്പാക്കുന്നതിൽ മേട്ടൂർ അണക്കെട്ടിലെ ജലവിതരണം നിർണായകമാണ്. 12 ജില്ലകളിലെ കർഷകരുടെ ആവശ്യമാണ് അണക്കെട്ട് തുറന്നതോടെ പരിഹരിക്കപ്പെട്ടത്. സെപ്റ്റംബർ ഒന്നുമുതൽ 45 ദിവസത്തേക്ക് വെള്ളം തുറന്നുവിടാനായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ അണക്കെട്ടിലെ ജലനിരപ്പും നീരൊഴുക്കും അനുസരിച്ചായിരിക്കും തുടർവിതരണം.

തിങ്കളാഴ്ച രാവിലെ മേട്ടൂർ അണക്കെട്ടിലെ ജലനിരപ്പ് 91.56 അടി ആയിരുന്നു. സംഭരണം 54.452 ടി.എം.സി.യും നീരൊഴുക്ക് സെക്കൻഡിൽ 10,857 ഘനയടിയുമായിരുന്നു. കർഷകർക്ക് വെള്ളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സംയുക്തമായി നിരീക്ഷണം നടത്തുമെന്നും സർക്കാർ അറിയിച്ചു.

Tags:    
News Summary - CM Vijay Gifts Dior Glasses to Elderly Woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.