സെപ്റ്റംബർ 11ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ബാങ്കിങ് സേവനങ്ങൾ നാല് ദിവസം തടസ്സപ്പെട്ടേക്കും
ന്യൂഡൽഹി: അഞ്ചുദിവസ ബാങ്കിങ് നടപ്പാക്കുന്നതിലെ കാലതാമസം, മികവ് അടിസ്ഥാനമാക്കിയുള്ള ഇൻസെന്റിവ് (പി.എൽ.ഐ) പദ്ധതിയിലെ വിവേചനം പരിഹരിക്കുക, പെൻഷൻ പരിഷ്കരണം ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) അറിയിച്ചു.
പണിമുടക്ക് പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കിങ് സേവനങ്ങളെ നാല് ദിവസത്തേക്ക് ബാധിച്ചേക്കും. സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ്. തുടർന്ന് രണ്ട് ദിവസം ബാങ്ക് അവധിയാണ്. ചില സംസ്ഥാനങ്ങളിൽ സെപ്റ്റംബർ 14ന് ഗണേശ ചതുർഥിയോടനുബന്ധിച്ച് അവധിയുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28 മുതൽ മൂന്ന് ദിവസത്തെ പണിമുടക്കും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് യൂനിയനുകൾ മുന്നറിയിപ്പ് നൽകി.
2024 മാർച്ച് എട്ടിന് ഒപ്പുവെച്ച കരാറിന്റെ ഭാഗമായി അഞ്ചുദിവസ ബാങ്കിങ് നിർദേശം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) അംഗീകരിച്ചിരുന്നു. തിങ്കൾ മുതൽ വെള്ളി വരെ ജോലി സമയം 40 മിനിറ്റ് വീതം വർധിപ്പിക്കണമെന്നതായിരുന്നു നിർദേശം. എന്നാൽ, രണ്ട് വർഷത്തിലേറെയായിട്ടും സർക്കാർ ഇതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ബാങ്ക് ഓഫിസേഴ്സ് സംഘടനകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.