കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധ ഭീഷണി; ‘കൊടുംഭീകരന്മാർ ഉടൻ വധിക്കും’
ന്യൂഡൽഹി: കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാന് വധ ഭീഷണി. ‘കൊടുംഭീകരന്മാർ ഉടൻ നിങ്ങളെ കൊല്ലും’ എന്നാണ് ഭീഷണി സന്ദേശമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അറിയിച്ചു. ഭീഷണി സന്ദേശത്തെ തുടർന്ന് മന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ ആവശ്യപ്പെട്ടതായാണ് വിവരം.
ചൊവ്വാഴ്ചയാണ് മന്ത്രാലയത്തിന് ഭീഷണി കത്ത് ലഭിച്ചത്. ഇതേ തുടർന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അലോക് കുമാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയക്കുകയായിരുന്നു. കത്തിൽ രണ്ട് മൊബൈൽ നമ്പറുകളും ഉൾപ്പെടുത്തിയിരുന്നു. കത്ത് പരിശോധിച്ചപ്പോഴാണ് കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രിയുടെ ജീവന് നേരിട്ടുള്ള ഭീഷണിയുണ്ടെന്ന് വ്യക്തമായതെന്ന് ചിരാഗ് പാസ്വാന്റെ സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്തിൽ വ്യക്തമാക്കി. ഭീഷണിയുടെ സ്വഭാവവും ‘ഭീകരർ’ എന്ന പരാമർശവും ഗൗരവത്തോടെ കാണേണ്ടതാണെന്നും മന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നും സെക്രട്ടറിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
‘രണ്ട് മൊബൈൽ നമ്പറുകൾ അടങ്ങിയ ഒപ്പിടാത്ത ഒരു സന്ദേശം ഇന്ന് മന്ത്രാലയത്തിൽ ലഭിച്ചു. അത് തുറന്നപ്പോൾ, ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രിയുടെ ജീവന് നേരിട്ട് ഭീഷണിയുണ്ടെന്ന് കണ്ടെത്തി’ -അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ കത്തിൽ പറയുന്നു.
ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന വ്യക്തിയാണ് ചിരാഗ് പാസ്വാൻ. ചിരാഗ് പാസ്വാന്റെ സുരക്ഷാ ചുമതലയുള്ള സി.ആർ.പി.എഫിനും ബിഹാർ സർക്കാരിനും വിവരം കൈമാറിയിട്ടുണ്ട്. ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ അടിയന്തര അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.