ന്യൂഡൽഹി: മതപരമായ ചടങ്ങുകളുടെ പേരിൽ പൊതുവഴികൾ തടയാൻ ആർക്കും അവകാശമില്ലെന്ന് സുപ്രീം കോടതി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളിലെ നിയമപരമായ ചോദ്യങ്ങൾ പരിഗണിക്കുന്ന ഒമ്പതാം ദിവസത്തെ വാദത്തിനിടെയാണ് സുപ്രീം കോടതിയുടെ നിർദേശം. മതവിഭാഗങ്ങൾക്കും സ്ഥാപനങ്ങൾക്കും ആരാധന കാര്യങ്ങളിൽ സ്വയംഭരണാധികാരമുണ്ടെങ്കിലും അത്തരം അവകാശങ്ങൾ ക്രമസമാധാനത്തിന് വിധേയമായിരിക്കണമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന വ്യക്തമാക്കി.
മതപരമായ പ്രവർത്തനങ്ങൾ ക്രമസമാധാനത്തെ ബാധിക്കുകയോ പൊതുവഴികൾ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഘട്ടത്തിൽ സർക്കാരിന് ഇടപെടാൻ അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികൾ മതാചാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ന്യായീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആരാധനാ കാര്യങ്ങളിലെ സ്വയംഭരണാധികാരം സംരക്ഷിക്കപ്പെടുമെങ്കിലും മതപരമായ കാര്യങ്ങൾക്ക് മാത്രമാണ് ഈ സംരക്ഷണം ലഭിക്കുകയെന്നും കോടതി നിരീക്ഷിച്ചു. മതപരമായ പ്രവർത്തനങ്ങൾക്ക് പുറമെ മതേതരമായ കാര്യങ്ങൾ കൂടി ബാധിക്കപ്പെടുന്നുണ്ടെങ്കിൽ അവിടെ കൃത്യമായ സന്തുലിതാവസ്ഥ ആവശ്യമാണെന്നും അവിടെ സർക്കാരിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ ശശി തരൂരിന്റെ ലേഖനത്തിലെ വരികൾ കോടതിയിൽ പറഞ്ഞപ്പോൾ വിവരങ്ങൾ പങ്കുവെക്കുന്നതിൽ ജാഗ്രത വേണമെന്ന് ജസ്റ്റിസ് നാഗരത്ന നിർദേശിച്ചു. ശരിയായ ഉറവിടമല്ലാത്ത വാട്സ്ആപ് യൂനിവേഴ്സിറ്റി വിവരങ്ങൾ പങ്കുവെക്കുന്നതിനെതിരെയായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങൾ വ്യക്തിപരം മാത്രമാണെന്നും കോടതിക്ക് അവരോട് ബഹുമാനമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇതോടൊപ്പം കൂട്ടിച്ചേർത്തു. ക്ഷേത്രങ്ങൾ ആരെയും മാറ്റിനിർത്തുന്ന ഇടങ്ങളാകരുത് എന്നും ഹിന്ദുക്കൾക്കിടയിൽ ഐക്യമാണ് ഉണ്ടാകേണ്ടതെന്നും കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ കോടതി വ്യക്തമാക്കിയിരുന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ്, അഹ്സാനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മസിഹ്, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല്യ ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ. മതസ്ഥാപനങ്ങളിലെ സ്ത്രീകളോടുള്ള വിവേചനം, മതസ്വാതന്ത്ര്യത്തിന്റെ പരിധി തുടങ്ങിയ സുപ്രധാന വിഷയങ്ങളിലാണ് ബെഞ്ച് തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.