അരവിന്ദ് കെജ്രിവാൾ

കെജ്രിവാളിന്റെ ഇടക്കാല ജാമ്യ ഹ‍രജി: സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിറക്കും

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യ ഹ‍രജിയിൽ വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവു പുറപ്പെടുവിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവിൽ തീരുമാനമെടുക്കുക. ഇ.ഡിയുടെ അറസ്റ്റ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് കെജ്രിവാൾ സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ഇ.ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച ഹരജി പരിഗണിച്ച സുപ്രീംകോടതി, ജാമ്യം നൽകിയാലും കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. കെജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നുമാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഡൽഹിയിൽ പല ഫയലുകളും തീർപ്പാക്കാനാകാതെ കിടക്കുന്നു. പല തവണ ഇ.ഡിക്ക് മറുപടി നൽകി. എന്നാൽ ഇ.ഡി പ്രതികരിച്ചില്ലെന്നും കെജ്രിവാളിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അതേസമയം, ജാമ്യ ഹരജിയെ ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു ശക്തമായി എതിർക്കുകയാണ് ചെയ്തത്. ഗുരുതര കേസിൽ അറസ്റ്റിലായ വ്യക്തിയാണ് കെജ്രിവാൾ. ജാമ്യം നൽകിയാൽ ദുരുപയോഗം ചെയ്യുകയും സമൂഹത്തിന് തെറ്റായ സന്ദേശം നൽകലുമാകും. ജയിലിലായിട്ടും കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരുന്നത് വ്യക്തിപരമായ തീരുമാനമാണ്. സഹതാപത്തിന്റെ പേരിൽ ജാമ്യം നൽകരുത്. പ്രത്യേക വകുപ്പുകൾ ഇല്ലാത്ത കെജ്രിവാൾ ജയിലിൽ കഴിയുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കില്ലെന്നും ഇ.ഡി കോടതിയിൽ വാദിച്ചു.

Tags:    
News Summary - Supreme Court says it may pass interim order on Arvind Kejriwal's bail on May 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.