ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി; കേരളം, തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങൾക്കെതിരായ ബി.ജെ.പി നേതാവിന്റെ ഹരജി തള്ളി

ന്യൂഡൽഹി: തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ‘ദേശീയ വിദ്യാഭ്യാസ നയം 2020’ പ്രകാരം ത്രിഭാഷാ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ ജി.എസ്. മണി സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.

ദേശീയ വിദ്യാഭ്യാസം പോലുള്ള ഒരു കേന്ദ്ര നയം പിന്തുടരാൻ ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയതെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

സംസ്ഥാനങ്ങൾ ‘ദേശീയ വിദ്യാഭ്യാസ നയം’ സ്വീകരിക്കണോ വേണ്ടയോ എന്നത് ഒരു സങ്കീർണമായ വിഷയമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീംകോടതിക്ക് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കാൻ കഴിയും. എൻ.ഇ.പി പോലുള്ള നയം സ്വീകരിക്കാൻ ഒരു സംസ്ഥാനത്തെ നേരിട്ട് നിർബന്ധിക്കാൻ അതിന് കഴിയില്ല. എന്നാൽ, എൻ.ഇ.പിയുമായി ബന്ധപ്പെട്ട ഒരു സംസ്ഥാനത്തിന്റെ നടപടിയോ നിഷ്‌ക്രിയത്വമോ ഏതെങ്കിലും മൗലികാവകാശങ്ങൾ ലംഘിക്കുകയാണെങ്കിൽ കോടതിക്ക് ഇടപെടാം എന്നും ബെഞ്ച് പറഞ്ഞതായി ലൈവ്‌ലോ റിപ്പോർട്ട് ചെയ്തു.

ഹരജിക്കാരനായ മണി തമിഴ്‌നാട്ടുകാരനാണെങ്കിലും അദ്ദേഹം ഇപ്പോൾ ഡൽഹിയിലാണ് താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജിക്കാരന് ഈ വിഷയവുമായുള്ള ബന്ധത്തെയും ചോദ്യം ചെയ്തു.

‘ഈ റിട്ട് ഹരജിയിൽ ഈ വിഷയം പരിശോധിക്കാൻ ഞങ്ങൾ നിർദേശിക്കുന്നില്ല. ഹരജിക്കാരന് അദ്ദേഹം മുന്നോട്ടുവെക്കുന്ന കാരണവുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അദ്ദേഹം തമിഴ്‌നാട് സംസ്ഥാനക്കാരനായിരിക്കാം. എന്നിരുന്നാലും സ്വന്തം താൽപര്യപ്രകാരം ഡൽഹിയിലാണ് താമസിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ ഹരജി തള്ളുന്നു’വെന്നും കോടതി പറഞ്ഞു.

സംസ്ഥാനങ്ങൾ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ തുടരുന്ന തർക്കത്തിനിടയിലാണ് ഹരജി സമർപ്പിച്ചത്. എൻ.ഇ.പി ബഹുഭാഷയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കേന്ദ്രം അവകാശപ്പെട്ടപ്പോൾ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ അത് അന്യായമായ സമ്മർദ്ദം ചെലുത്തുന്നുവെന്ന് തമിഴ്‌നാട് വാദിച്ചു. ത്രിഭാഷാ ഫോർമുലയിലൂടെ കേന്ദ്രം ഹിന്ദി ‘അടിച്ചേൽപ്പിക്കാൻ’ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാനം ഈ നയത്തെ എതിർത്തു. എൻ.ഇ.പിയുടെ പ്രത്യേകിച്ച് അതിന്റെ ത്രിഭാഷാ ഫോർമുലയുടെ കടുത്ത എതിരാളിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേന്ദ്രം ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളെ അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന ആരോപണം.

Tags:    
News Summary - Supreme Court says court can't force states to implement NEP, rejects BJP leader’s plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.