ന്യൂഡൽഹി: ഇന്ത്യൻ പൗരത്വവും പാസ്പോർട്ടും ആധാർ കാർഡുകളും അടക്കമുള്ള രേഖകളുള്ള പാക് വംശജന്റ ആറംഗ കുടുംബത്തെ പാകിസ്താനിലേക്ക് നാടുകടത്താനുള്ള നീക്കം സുപ്രീംകോടതി തടഞ്ഞു. പാക്കധീന കശ്മീരിൽ നിന്നും വന്ന് ഇന്ത്യക്കാരനായി മാറിയ അഹ്മദ് താരീഖ് ഭട്ടിന്റെയും കുടുംബത്തിന്റെയും പൗരത്വ രേഖകൾ പരിശോധിക്കാൻ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നിർദേശം നൽകി.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന്, ഹ്രസ്വ വിസയിലെത്തിയ എല്ലാ പാകിസ്താനികളോടും രാജ്യം വിടാൻ നിർദേശിച്ച കൂട്ടത്തിൽ തങ്ങളെയും നാടുകടത്തുന്നതിനെതിരെ ഭട്ട് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അതേസമയം ഇവർക്ക് മാത്രം നൽകിയ ഈ ഇളവ് ഒരു കീഴ്വഴക്കമാക്കരുതെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ പരിശോധന നടത്തി വൈകാതെ തീരുമാനമെടുക്കണം. അതുവരെ ഹരജിക്കാർക്കെതിരെ നടപടിയെടുക്കരുതെന്ന് കോടതി വിലക്കി. കേന്ദ്ര തീരുമാനം എതിരായി വന്നാൽ ഹൈകോടതിയെ സമീപിക്കാം.
ഈ വിഷയവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ- ലഡാക്ക് ഹൈകോടതിയെ സമീപിക്കാൻ ഹരജിക്കാരോട് സുപ്രീംകോടതി പറഞ്ഞു. പാകിസ്താൻകാരനായ പിതാവിനൊപ്പം 1987ൽ പാക്കധീന കശ്മീരിൽനിന്നുവന്ന് പാക് പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വമെടുത്ത ഭട്ട് അടക്കമുള്ള ആറംഗ കുടുംബമാണ് നാടുകടത്തൽ ഭീഷണിയിലുള്ളത്.
ബംഗളൂരുവിൽ ജോലി ചെയ്യുന്ന രണ്ട് മക്കളൊഴികെ കുടുംബത്തിലെ നാലുപേരെയും പാകിസ്താനിലേക്ക് നാടുകടത്താനായി വാഗാ അതിർത്തിയിലേക്ക് ജീപ്പിൽ കൊണ്ടുപോയിട്ടുണ്ടെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. നന്ദ കിഷോർ ബോധിപ്പിച്ചു. പിതാവ് എങ്ങനെയാണ് ഇന്ത്യയിൽ വന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
ജമ്മു-കശ്മീർ ഹൈകോടതിയിൽ പാകിസ്താൻ പാസ്പോർട്ട് സറണ്ടർ ചെയ്ത ശേഷം ഇന്ത്യൻ പാസ്പോർട്ട് എടുത്തതാണെന്ന് അദ്ദേഹം മറുപടി നൽകി. നാടുകടത്തില്ലെന്ന് കേന്ദ്രം ഉറപ്പുതരാമെന്നും ഉത്തരവിടരുതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചെങ്കിലും തീരുമാനമുണ്ടാകും വരെ തുടർനടപടിയരുതെന്ന് ഉത്തരവിൽ രേഖപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.