ന്യൂഡൽഹി: ഉത്തർപ്രദേശിൽ ക്രിസ്തുമതത്തിലേക്ക് കൂട്ടത്തോടെ മതപരിവർത്തനം നടത്തിയെന്ന ആരോപണത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ സുപ്രീംകോടതി റദ്ദാക്കി. എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിച്ച അലഹാബാദ് ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് മനോജ് മിശ്രയുമടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
പ്രയാഗ്രാജിലെ സാം ഹിഗ്ഗിൻബട്ടം യൂനിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ടെക്നോളജി ആൻഡ് സയൻസ് (എസ്.എച്ച്.യു.എ.ടി.എസ്) വൈസ് ചാൻസലർക്കും മറ്റ് ഓഫിസർമാർക്കുമെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തതിനെ തുടർന്നുള്ള ക്രിമിനൽ നടപടികളും റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള 2021ലെ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിന് കീഴിലാണ് ഇവർക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നത്.
വൈസ് ചാൻസലർ രാജേന്ദ്ര ബിഹാരി ലാൽ, ഡയറക്ടർ വിനോദ് ബിഹാരി ലാൽ എന്നിവർക്കും മറ്റ് ചില ഓഫിസർമാർക്കുമെതിരെയാണ് ആരോപണവും തുടർന്ന് നടപടിയും വന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്ത വിവിധ എഫ്.ഐ.ആറുകൾ ഏകീകരിക്കണമെന്നും റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. മതന്യൂനപക്ഷ വിഭാഗത്തിൽപെട്ട തങ്ങളെ സംസ്ഥാന സർക്കാർ ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് ഹരജിക്കാർ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.