ജസ്റ്റിസ് കെ.വി. വിശ്വനാഥൻ നികുതിയടച്ചത് 91.47 കോടി; ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് സുപ്രീംകോടതി, ചരിത്രത്തിൽ ആദ്യം

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നീതിന്യായ വ്യവസ്ഥയിൽ സുതാര്യത ഉറപ്പാക്കുക, ജനവിശ്വാസം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പൊതുജനത്തിന് ലഭ്യമാകുന്ന വിധത്തിൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെയും മറ്റ് 20 ജഡ്ജിമാരുടെയും സ്വത്ത് വിവരങ്ങളാണ് നിലവിൽ പുറത്തുവിട്ടത്. ഇതിൽ മൂന്നുപേർ അടുത്ത ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ളവരാണ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഈ മാസം 13ന് വിരമിക്കാനിരിക്കെയാണ് വിവരങ്ങൾ പുറത്തുവിട്ടത്.

ജസ്റ്റിസ് കെ.വി. വിശ്വനാഥനാണ് ജഡ്ജിമാരില്‍ സമ്പന്നന്‍. 120.96 കോടി രൂപയുടെ നിക്ഷേപമാണ് അദ്ദേഹത്തിനുള്ളത്. 2010-11 മുതല്‍ 2024-2025 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത് 91.47 കോടി രൂപയാണ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നരക്കോടിയുടെ നിക്ഷേപമാണുള്ളത്. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ 8 ലക്ഷം നിക്ഷേപവും 6 ഏക്കര്‍ ഭൂമിയുമുണ്ട്.

വനിതാ ജഡ്ജിമാരില്‍ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ സ്വത്ത് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചെങ്കിലും ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ സ്വത്ത് വിവരങ്ങള്‍ ഇതുവരെയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, ദീപാങ്കര്‍ ദത്ത, അസനുദ്ദീന്‍ അമാനുള്ള, മനോജ് മിശ്ര, അരവിന്ദ് കുമാര്‍, പി.കെ. മിശ്ര, എസ്.സി. ശര്‍മ, പ്രസന്ന ബാലചന്ദ്ര വരാലെ, എ. കോടീശ്വര്‍ സിങ്, ആര്‍. മഹാദേവന്‍, ജോയ്മല്യ ബാഗ്ച്ചി എന്നിവരും സ്വത്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്തിട്ടില്ല. എന്നാൽ ഇവ വൈകാതെ പുറത്തുവിടുമെന്നാണ് സൂചന.

ഹൈകോടതി ജഡ്ജിമാരുടെ നിയമന വിവരങ്ങളും സുപ്രീംകോടതി പുറത്തുവിട്ടു. 2022 നവംബര്‍ ഒമ്പത് മുതല്‍ 2025 മേയ് അഞ്ച് വരെയുള്ള നിയമന വിവരങ്ങളാണ് പുറത്തുവിട്ടത്. ഇക്കാലയാളവില്‍ 221 പേരാണ് ഹൈകോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്. ജഡ്ജിമാരുടെ പേരും മതവിഭാഗവും സിറ്റിങ് അല്ലെങ്കില്‍ വിരമിച്ച ജഡ്ജിമാരുമായുള്ള ബന്ധവും പുറത്തുവിട്ടു. സുപ്രീംകോടതി ഇതാദ്യമായാണ് ജഡ്ജിമാരുടെ നിയമന വിവരങ്ങള്‍ പുറത്തുവിടുന്നത്.

ഏപ്രിൽ ഒന്നിന് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സ്വത്ത് വിവരങ്ങൾ പുറത്തുവിടാൻ തയാറാണെന്ന് ജഡ്ജിമാർ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി. നേരത്തെ ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമയുടെ ഓഫിസിൽനിന്ന് പണം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ജുഡീഷ്യറിക്കെതിരെ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നീക്കം. സുപ്രീം കോടതി ജഡ്ജിമാർ നേരത്തെ ചീഫ് ജസ്റ്റിസിന് സ്വത്ത് വിവരങ്ങൾ കൈമാറിയിരുന്നെങ്കിലും ഇത് പുറത്തുവിടുന്നത് ആദ്യമായാണ്. 

Tags:    
News Summary - Supreme Court Publishes Declaration Of Judges' Assets On Website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.