ന്യൂഡല്‍ഹി: ‘ഹൈകോടതി മസ്ജിദ്’ എന്നറിയപ്പെടുന്ന അലഹബാദ് ഹൈകോടതി ഭൂമിയിൽ സ്ഥിതിചെയ്യുന്ന പള്ളി പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി വിധിച്ചു. മസ്ജിദ് കമ്മിറ്റിക്കും സുന്നി വഖഫ് ബോർഡിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബലിന്റെയും ഇന്ദിര ജയ്സിങ്ങിന്റെയും വാദങ്ങൾ തള്ളിയാണ് അലഹബാദ് ഹൈകോടതി വിധി ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ ശരിവെച്ചത്. അതേസമയം, പള്ളി പൊളിച്ചുനീക്കുമ്പോൾ പകരം മറ്റൊരു ഭൂമി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടാമെന്നും അത്തരമൊരു അപേക്ഷയിൽ നിയമം നോക്കി തുടര്‍ നടപടി സ്വീകരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
മൂന്ന് മാസത്തിനുള്ളില്‍ പള്ളി പൊളിച്ചുനീക്കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറിനും അലഹബാദ് ഹൈകോടതിക്കും തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും വിധിയിലുണ്ട്. പള്ളി ഹൈകോടതി വളപ്പിലല്ലെന്നും റോഡിനപ്പുറമാണെന്നും സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ 2017ൽ സർക്കാർ മാറിയതോടെ എല്ലാം മാറിയെന്നും പുതിയ സർക്കാർ വന്നതിന് പിന്നാലെ പള്ളി പൊളിക്കാൻ പൊതുതാൽപര്യഹരജി വരുകയും ഹൈകോടതി അത് അംഗീകരിക്കുകയും ചെയ്തു. 1861ൽ അലഹബാദ് ഹൈകോടതി സ്ഥാപിതമായത് മുതൽ കോടതി കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‍ലിം അഭിഭാഷകരും കക്ഷികളും ജീവനക്കാരും നമസ്കാരം നിർവഹിച്ചുവരുകയായിരുന്നുവെന്നും പിന്നീട് രജിസ്ട്രാർതന്നെ കോടതി കെട്ടിടത്തിന്റെ ഒരുഭാഗം അനുവദിച്ചിരുന്നുവെന്നും സിബൽ ചൂണ്ടിക്കാട്ടി. പിന്നീട് സർക്കാർ പാട്ടത്തിന് കൊടുത്ത ഭൂമിയിൽ ഒരു വ്യക്തിയുണ്ടാക്കിയ സ്വകാര്യ പള്ളി ഹൈകോടതിയിലുള്ളവർ ഉപയോഗിച്ചുതുടങ്ങിയതാണ് ഹൈകോടതി മസ്ജിദായി പൊതു പള്ളിയായി മാറിയത്. 1988ൽ പള്ളി നിൽക്കുന്ന ഭൂമിയുടെ പാട്ടക്കാലാവധി 30 വർഷത്തേക്ക് നീട്ടിനൽകിയെങ്കിലും 2000ൽ അത് റദ്ദാക്കിയിട്ടും നമസ്കാരം തുടർന്നിരുന്നുവെന്നും സിബൽ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.