'നിങ്ങൾക്ക് കഴിയില്ലെങ്കിൽ ഞങ്ങൾ ചെയ്യും'; പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഉപ്പിന്റെയും പഞ്ചസാരയുടെയും മുന്നറിയിപ്പ് ലേബൽ, കേന്ദ്രത്തിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

ന്യൂഡൽഹി: അമിതമായ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ പായ്ക്കറ്റ് ഭക്ഷണങ്ങളിൽ മുൻവശത്ത് തന്നെ വ്യക്തമായ മുന്നറിയിപ്പ് ലേബലുകൾ ഏർപ്പെടുത്തുന്നതിൽ കേന്ദ്ര സർക്കാരിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിക്കും (FSSAI) സുപ്രീം കോടതിയുടെ കടുത്ത അന്ത്യശാസനം. "നിങ്ങൾക്ക് ഇത് നടപ്പാക്കാൻ കഴിയില്ലെങ്കിൽ, ഞങ്ങൾ ചെയ്യും" എന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് കർശനമായ ഭാഷയിൽ വ്യക്തമാക്കി.

പൊതുജനങ്ങളുടെ, പ്രത്യേകിച്ച് വളരുന്ന കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ അധികൃതർ കോർപ്പറേറ്റ് സമ്മർദ്ദങ്ങൾക്ക് വഴിപ്പെടരുതെന്ന് കോടതി ഓർമിപ്പിച്ചു. വ്യവസായ ലോകത്തിന്റെ എതിർപ്പ് ചൂണ്ടിക്കാട്ടി ലേബലിങ് പദ്ധതി വൈകിപ്പിക്കാനുള്ള നീക്കത്തെ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. മാർച്ചിൽ നടന്ന FSSAI യോഗത്തിലെ തീരുമാനങ്ങൾ കോടതിയുടെ മുൻകാല നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. മുന്നറിയിപ്പ് ലേബലുകൾ ഒഴിവാക്കി പകരം ശുപാർശ ചെയ്യപ്പെട്ട പ്രതിദിന അളവുകളുടെ പട്ടിക നൽകിയാൽ മതിയെന്ന നിലപാടാണ് ഫുഡ് സേഫ്റ്റി അതോറിറ്റി സ്വീകരിച്ചിരുന്നത്. എന്നാൽ വ്യവസായ സ്ഥാപനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാനല്ല സർക്കാർ ശ്രമിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

പരമ്പരാഗത ഇന്ത്യൻ ഭക്ഷണങ്ങളിൽ ഇത്തരം മുന്നറിയിപ്പ് അടയാളങ്ങൾ വരുന്നത് ബുദ്ധിമുട്ടാണെന്നും, വികസിത രാജ്യങ്ങളിലെ മാനദണ്ഡങ്ങൾ ഇന്ത്യയിൽ നേരിട്ട് ബാധകമാക്കാൻ പ്രയാസമാണെന്നുമായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിന്റെ വാദം. എന്നാൽ ഈ വാദം കോടതി പൂർണമായും തള്ളി. "ഇന്ത്യ ഒരു വികസ്വര രാജ്യമായിത്തന്നെ തുടരണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?" എന്ന് കോടതി തിരിച്ചുചോദിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം മുൻനിർത്തിയുള്ള നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

മുന്നറിയിപ്പ് ലേബലുകൾ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാനല്ല, മറിച്ച് തങ്ങൾ എന്താണ് കഴിക്കുന്നതെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്താനാണെന്ന് കോടതി നിരീക്ഷിച്ചു. നിർമ്മാതാക്കൾക്ക് ഇത് അപ്രിയമായി തോന്നാമെങ്കിലും ഉപഭോക്താക്കൾക്ക് സത്യം അറിയാൻ അവകാശമുണ്ട്. അന്തിമ തീരുമാനം ഉപഭോക്താവിന്റെ കൈകളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകണമെന്ന് വ്യക്തമാക്കിയ കോടതി, ലേബലിങ് നിർദ്ദേശങ്ങൾ നടപ്പാക്കാൻ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. വീഴ്ച വരുത്തിയാൽ കോടതി നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Supreme Court gives Centre ultimatum on warning labels for salt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.