വൈദ്യുതി മുടങ്ങും, ചൂട് സഹിക്കാനാകില്ല, ആമസോൺ പദ്ധതി താനേയിലെ ജനജീവിതം താറുമാറാക്കുമോ?

മുംബൈ: മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ പദ്ധതികളിലൊന്നായ താനെ ബാൽകുമ്മിലെ ആമസോൺ വെബ് സർവീസസ് ഡാറ്റാ സെന്ററിനെതിരെ പ്രദേശവാസികൾ രംഗത്ത്. ഏകദേശം 47,000 കോടി രൂപ മുതൽമുടക്കിൽ 53 ഏക്കർ സ്ഥലത്ത് നിർമിക്കുന്ന ഈ പദ്ധതി ജനവാസ മേഖലയിലാണെന്ന കാരണത്താൽ കടുത്ത എതിർപ്പാണ് നേരിടുന്നത്.

‘വേക്ക് അപ്പ് താനെകർ’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജനങ്ങൾ പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഡാറ്റാ സെന്ററുകൾക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ ജനവാസ മേഖലയുടെ നടുവിലും ആശുപത്രികൾക്കും സ്‌കൂളുകൾക്കും സമീപവും ഇത് സ്ഥാപിക്കുന്നതിനെതിരെയാണ് കടുത്ത എതിർപ്പെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.

പദ്ധതി പ്രദേശത്തിന് ചുറ്റും നിരവധി ഉയർന്ന കെട്ടിടങ്ങളും മൂന്ന് ഗ്രാമങ്ങളും സ്‌കൂളുകളും ആശുപത്രികളും മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പദ്ധതി വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

മെഷീനുകൾ തണുപ്പിക്കാൻ ആയിരക്കണക്കിന് എയർകണ്ടീഷണറുകൾ ഉപയോഗിക്കുന്നതുമൂലം ബാൽകുമ്, ധോകാലി, മജിവ്‌ഡ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്ന് ‘ഹീറ്റ് ഐലൻഡ്’ രൂപപ്പെടാൻ ഇടയാക്കുമെന്ന് താമസക്കാരനായ ഗുരാസിസ് സിങ് ആശങ്ക പ്രകടിപ്പിച്ചു.

ഏകദേശം 190 ഡീസൽ ജനറേറ്റർ സെറ്റുകളിൽ നിന്നുള്ള ശബ്ദവും പുറന്തള്ളുന്ന പുകയും ജനജീവിതം ദുസ്സഹമാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വലിയ ഹൈസ്കേൽ ഡാറ്റാ സെന്ററിന് തുടർച്ചയായി 420 മെഗാവാട്ട് വൈദ്യുതി ആവശ്യമാണെന്നും, ഇത് പ്രദേശത്തെ നിലവിലുള്ള വൈദ്യുതി വിതരണത്തെയും അടുത്തിടെ ഉണ്ടായതുപോലുള്ള പവർ കട്ടുകളെയും കൂടുതൽ വഷളാക്കുമെന്നും ജതിൻ കൊത്താരെ ആരോപിച്ചു.

ജനങ്ങളുടെ ആശങ്കകൾക്ക് മറുപടിയായി ആമസോൺ രംഗത്ത് എത്തിയിട്ടുണ്ട്. താനെയിലെ ഡാറ്റാ സെന്ററിൽ തണുപ്പിക്കാനായി വെള്ളം ഉപയോഗിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ മറ്റൊരു ഡാറ്റാ സെന്ററിലും തണുപ്പിക്കലിനായി വെള്ളം ഉപയോഗിക്കുന്നില്ലെന്നും, കമ്മ്യൂണിറ്റിയുടെ കുടിവെള്ളത്തെ ഇത് ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെ കുടിവെള്ളത്തിനും റെസ്റ്റ് റൂമുകൾക്കുമായി പ്രതിദിനം 0.01 ദശലക്ഷം ലിറ്റർ വെള്ളം മാത്രമാണ് അനുമതിയിലുള്ളത്. എയർ കൂൾഡ് ചില്ലറുകളും ക്ലോസ്ഡ് ലൂപ്പ് സംവിധാനങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

സെർവറുകളിൽ നിന്നുള്ള ചൂട് അന്തരീക്ഷ താപനിലയെ ബാധിക്കാത്ത രീതിയിൽ ആധുനിക കൂളിങ് സംവിധാനങ്ങൾ വഴി ഒഴിവാക്കുമെന്നും കമ്പനി വ്യക്തമാക്കി. പ്രാദേശിക ഗ്രിഡിലെ വൈദ്യുതിയെ ബാധിക്കാത്ത വിധം സ്വന്തം എസ്ട്രാ-ഹൈ-വോൾട്ടേജ് സബ്‌സ്റ്റേഷൻ വഴി പദ്ധതിക്ക് ആവശ്യമായ വൈദ്യുതി എത്തിക്കുമെന്നും ആമസോൺ ഉറപ്പുനൽകി. ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങൾ കർശനമായി പാലിക്കുമെന്നും, ശബ്ദം കുറക്കുന്നതിനുള്ള ബിൽഡിങ് മെറ്റീരിയലുകളും അക്കോസ്റ്റിക് എൻക്ലോഷറുകളും ഉപയോഗിക്കുമെന്നും കമ്പനി അറിയിച്ചു.

സർക്കാർ സംവിധാനങ്ങളും ഐ.ടി.ഇ.എസ് നയങ്ങളും ജനവാസ മേഖലകളെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ജൂലൈ 18ന് മനുഷ്യച്ചങ്ങല തീർത്തും ആമസോൺ അധികൃതരുമായി ചർച്ച നടത്തിയുമാണ് ജനങ്ങൾ പ്രതിഷേധം അറിയിച്ചത്. എന്നാൽ വിദഗ്ധരുമായി കൂടിയാലോചിച്ചിട്ടും തങ്ങളുടെ സാങ്കേതിക ആശങ്കകൾക്ക് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് മേഘ ഷെട്ടി വ്യക്തമാക്കി. സർക്കാരിലും ഭരണാധികാരികളിൽ അർപ്പിച്ച വിശ്വാസം നഷ്ടപ്പെട്ടതായി ജതിൻ കൊത്താരെയും അനുരാധ റോഡും കൂട്ടിച്ചേർത്തു.

Tags:    
News Summary - Thane residents protest against Amazon data centre project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.