പശുവിനെ കാർ ഇടിച്ചതിനെ തുടർന്ന് യു.പിയിൽ ഡോ. രാഹുൽ സിദ്ധാർത്ഥിനെ ജനക്കൂട്ടം ആക്രമിക്കുന്നു.
ലഖ്നോ: പശുവിനെ ഇടിച്ചതിനെ തുടർന്ന് യു.പിയിൽ ജനക്കൂട്ടം ഗവ. ഡോക്ടറെ ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ബിച്ച്പുരി ഗ്രാമത്തിലാണ് സംഭവം. ഉസാവാൻ ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ. രാഹുൽ സിദ്ധാർത്ഥാണ് ക്രൂരമർദനത്തിനിരയായത്.
ആശുപത്രിയിൽ നിന്ന് കാറിൽ ബുദൗണിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ഇതിനിടെ റോഡിലേക്കിറങ്ങിയ പശു ഇദ്ദേഹത്തിന്റെ കാറിനുമുന്നിൽപെടുകയായിരുന്നു. സ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം കാർ തടഞ്ഞ് ഡോക്ടറെ വലിച്ചിറക്കി വളഞ്ഞിട്ട് ആക്രമിച്ചു. തലയിലും മുഖത്തും ഉൾപ്പെടെ ശരീരമാസകലം മാരകമായ മർദനമേറ്റ ഡോ. രാഹുൽ സിദ്ധാർഥ്, നടക്കാൻ പോലുമാകാതെ വേച്ചുവേച്ചു പോകുന്നത് ദൃശ്യങ്ങളിൽ കാണാം. പൊലീസ് സാന്നിധ്യത്തിലാണ് ക്രൂരമർദനം അരങ്ങേറിയത്. അക്രമികൾ ഡോക്ടറുടെ വസ്ത്രം വലിച്ചുകീറുകയും കാർ തകർക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
മർദനത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, മർദനക്കേസ് വഴിതിരിച്ചുവിടാൻ വ്യാജ ആരോപണവുമായി അക്രമികൾ രംഗത്തെത്തി. അപകടസമയത്ത് ഡോക്ടർ മദ്യപിച്ചിരുന്നതായും കാറിനുള്ളിൽ നിരവധി ബിയർ കാനുകൾ കണ്ടെത്തിയതായുമാണ് ചില നാട്ടുകാർ ആരോപിച്ചത്. എന്നാൽ, വൈദ്യപരിശോധനയിൽ മദ്യത്തിന്റെ അംശം പോലും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
വൈദ്യപരിശോധനയ്ക്ക് വിധേയനായ ഡോക്ടർ മൊറാദാബാദിലേക്ക് പോയതായി ബുദൗൺ സിറ്റി പൊലീസ് സൂപ്രണ്ട് അഭിഷേക് കുമാർ സിങ് പറഞ്ഞു. ‘ഡോക്ടറുടെ പരാതിയിൽ പ്രതികൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നടപടിയെടുക്കും’ -സിങ് പറഞ്ഞു.
വിഡിയോ ദൃശ്യങ്ങളിൽ ഉള്ള നാലുപേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. പരാതിയും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.