ന്യൂഡൽഹി: ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.എ.ടി)യുടെ ഉത്തരവിനെതിരെ എജുടെക് സ്ഥാപനമായ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രമോട്ടർ ബൈജു രവീന്ദ്രൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ബി.സി.സി.ഐയും ബൈജൂസും തമ്മിലുള്ള ഒത്തുതീർപ്പ് കരാർ ക്രെഡിറ്റേഴ്സ് സമിതി മുമ്പാകെ വെക്കണമെന്ന ഉത്തരവിനെതിരെയാണ് ബൈജു രവീന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ബൈജു രവീന്ദ്രന്റെ അഭിഭാഷകനായ നവീൻ പഹ്‍വയോട് തുടർനടപടികൾ സ്വീകരിക്കാനും സുപ്രീംകോടതി നിർദേശിച്ചു. എൻ.സി.എൽ.എ.ടിയുടെ ചെന്നൈ ബെഞ്ചിന്റെ ഏപ്രിൽ 17ലെ ഉത്തരവിനെതിരെയായിരുന്നു ഹരജി.
ബൈജൂസിനെതിരായ പാപ്പരത്ത നടപടികൾ പിൻവലിക്കാൻ ബി.സി.സി.ഐ സമർപ്പിച്ച അപേക്ഷക്ക് ക്രെഡിറ്റേഴ്സ് സമിതിയുടെ അംഗീകാരം ആവശ്യമാണെന്നായിരുന്നു എൻ.സി.എൽ.എ.ടിയുടെ ഉത്തരവ്. എൻ.സി.എൽ.എ.ടിയുടെ ഉത്തരവിനെതിരെ ബി.സി.സി.ഐയും ബൈജു രവീന്ദ്രന്റെ സഹോദരനും ബൈജൂസിന്റെ സഹസ്ഥാപകനായ റിജു രവീന്ദ്രനും സമർപ്പിച്ച അപ്പീലുകൾ ജൂലൈയിൽ തള്ളിക്കളഞ്ഞതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.