സുപ്രീംകോടതി ഭരണഘടന ബെഞ്ച് നടപടികൾ ഇനി തത്സമയം

ന്യൂഡൽഹി: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ നടപടിക്രമങ്ങൾ പൊതുജനത്തിന് ഇനി തത്സമയം കാണാം ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്‍റെ അധ്യക്ഷതയില്‍ നടന്ന സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരുടെ യോഗത്തിൽ ഭരണഘടന ബെഞ്ചുകളിലെ നടപടിക്രമം സെപ്റ്റംബർ 27 മുതൽ തത്സമയം സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി സ്വന്തമായ ഓൺലൈൻ പ്ലാറ്റ്ഫോം സുപ്രീംകോടതി ഉടൻ സജ്ജമാക്കും.

നിലവിൽ, ഭരണഘടന ബെഞ്ച് വാദം കേട്ട് കൊണ്ടിരിക്കുന്ന പിന്നാക്ക സാമ്പത്തിക സംവരണത്തിനെതിരെയുള്ള ഹരജിയും ദാവൂദി ബോറ സമുദായത്തിലെ ഭ്രഷ്ട് കൽപിക്കലിന്‍റെ ഭരണഘടന സാധുത, തകർന്ന ദാമ്പത്യ ബന്ധം വേർപെടുത്താൻ സുപ്രീംകോടതിക്കുള്ള അധികാരം, ഭോപാല്‍ വാതക ദുരന്തത്തിന്‍റെ ഇരകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട സുപ്രധാന കേസുകൾ എന്നിവ പൊതുജനത്തിന് ഓൺലൈൻ വഴി തൽസമയം കാണാൻ അവസരം ലഭ്യമാവും.

ആഗസ്റ്റിൽ വിരമിച്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അവസാന പ്രവൃത്തി ദിനം കേന്ദ്ര സർക്കാറിന്‍റെ വെബ്കാസ്റ്റ് വിഡിയോ പോർട്ടൽ വഴി തത്സമയ സംപ്രേഷണം ചെയ്തിരുന്നു. സുപ്രീംകോടതി നടപടികളുടെ തത്സമയ സംപ്രേഷണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് യു.യു. ലളിതിന് കത്തയച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച നടന്ന സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരുടെയും യോഗത്തിൽ സെപ്റ്റംബർ 27 മുതൽ ഭരണഘടന ബെഞ്ച് നടപടിക്രമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാനുള്ള സുപ്രധാന തീരുമാനമെടുത്തത്.

Tags:    
News Summary - Supreme Court Constitution Bench proceedings are now live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.