ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ ഹ​രജികൾ പരിഗണിക്കുമെന്ന് സുപ്രീംകോടതി; വ്യാ​​ഴാഴ്ച വാദം കേൾക്കും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) ചോദ്യം ചെയ്യുന്ന ഹരജികൾ കേൾക്കാൻ സുപ്രീംകോടതി തിങ്കളാഴ്ച സമ്മതിച്ചു. വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയ താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി), തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ), പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്നിവരാണ് ഹരജികൾ സമർപ്പിച്ചത്.

ബിഹാറിൽ എസ്.ഐ.ആർ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ജൂൺ 24ന് നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പട്ടികയിൽ നിന്ന് അനർഹരായവരുടെ പേരുകൾ ഒഴിവാക്കാനും യോഗ്യരായ പൗരന്മാരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂവെന്ന് ഉറപ്പാക്കാനുമാണ് ിതെന്നാണ് അവകാശ വാദം. എന്നാൽ, തീരുമാനത്തിനെതിരെ വൻതോതിൽ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. 

തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ പട്ടികയുടെ പുനഃപരിശോധനാ പ്രക്രിയയിൽ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ ആർ.ജെ.ഡി എം.പി മനോജ് ഝാ ആവശ്യപ്പെട്ടു. ആർ.‌ജെ‌.ഡി ഉൾപ്പെടുന്ന ഇൻഡ്യാ മുന്നണിയുടെ നേതാക്കൾ ഡൽഹിയിലും പട്‌നയിലും തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി അവരുടെ ഉത്കണ്ഠകൾ പങ്കിട്ടു.

മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‍വിയും ഈ വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. തുടർന്ന് സുപ്രീംകോടതി വ്യാഴാഴ്ച ഹരജികൾ കേൾക്കുമെന്ന് അറിയിക്കുകയും ഹരജികൾ സമർപ്പിക്കാൻ കക്ഷികൾക്ക് സമയം നൽകുകയും ചെയ്തു.

സത്യം മാത്രം വിജയിക്കും എന്ന് ഹരജി സമർപ്പിച്ച തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ‘എക്സി’ൽ പ്രതികരിച്ചു. ‘ബിഹാർ എസ്.ഐ.ആർ ഹരജി സുപ്രീംകോടതി അനുവദിച്ചു. വ്യാഴാഴ്ച വാദം കേൾക്കും. സത്യമേവ ജയതേ’ എന്നായിരുന്നു അവരുടെ വാക്കുകൾ.

​കമീഷൻ നിർദേശമനുസരിച്ച് 2025 ജൂലൈ 25ന് മുമ്പ് എപ്പോൾ വേണമെങ്കിലും അവരുടെ രേഖകൾ സമർപിക്കാൻ വോട്ടർമാർ ബാധ്യസ്ഥരാണ്.  എന്നാൽ, അങ്ങനെ ചെയ്യാത്തവർക്ക് നിശ്ചിത കാലയളവിൽ അവസരം ലഭിക്കുമെന്ന് പ്രതിഷേധത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ പിന്നീട്  പ്രസ്താവനയിൽ വ്യക്തമാക്കി. 

ജൂലൈ 25 ലെ അവസാന തീയതി അടുക്കുന്നതിനാൽ ലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് ഇല്ലാതാക്കപ്പെടും എന്ന് അതത് കക്ഷികളുടെ അഭിഭാഷകർ പറഞ്ഞു. പുനഃപരിശോധനാ പ്രക്രിയ സ്ത്രീകളെയും ദരിദ്രരെയും വലിയതോതിൽ ബാധിക്കുമെന്നും അവർ പറഞ്ഞു. 

എന്നാൽ, ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.‌ഡി‌.എ ഈ നീക്കത്തെ ന്യായീകരിച്ചു. പ്രതിപക്ഷം തെരഞ്ഞെടുപ്പുകളിലെ പരാജയ ഭീതിയിൽ ഒഴികഴിവു കണ്ടെത്താൻ ശ്രമിക്കുന്നുവെന്നാണ് അവരുടെ ആരോപണം.

ദ്രുതഗതിയിലുള്ള നഗരവൽക്കരണം, അടിക്കടിയുള്ള കുടിയേറ്റം, യുവ പൗരന്മാരെ വോട്ടുചെയ്യാൻ യോഗ്യരാക്കൽ, മരണങ്ങൾ റി​പ്പോർട്ട് ചെയ്യുന്നതിലെ അഭാവം, വിദേശ അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ ഉൾപ്പെടുത്തൽ എന്നിവയാണ് ഈ പ്രക്രിയ അനിവാര്യമാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നു.

ജൂലൈ 25നകം 22 കോടിയോളം വോട്ടർമാരെ ഉൾപ്പെടുത്താൻ ശ്രമിക്കുന്ന പോൾ പാനലിന്റെ പ്രക്രിയയെ പ്രതിപക്ഷം ശക്തമായി വിമർശിക്കുന്നതിന് ഒന്നി​ലേറെ കാരണങ്ങളുണ്ട്.

ഈ പ്രക്രിയയുടെ സമയക്രമത്തെ ചോദ്യം അവർ ചെയ്യുന്നു. ബിഹാറിലെ 73 ശതമാനം പേരും വെള്ളപ്പൊക്കം നേരിടുകയോ അപകടസാധ്യതയിൽ കഴിയുകയോ ചെയ്യുന്നതിനാലാണിത്. ഈ നീക്കം രണ്ടു കോടിയിലധികം വോട്ടർമാരുടെ വോട്ടവകാശം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്ന് അവർ പറയുന്നു.

2003 ൽ രാജ്യമെമ്പാടും നടന്ന മുൻ പരിഷ്കരണത്തിൽ നിന്ന് വ്യത്യസ്തമായി നിലവിലെ ഈ ‘അഭ്യാസം’ സംസ്ഥാനത്ത് മാത്രം നടപ്പിലാക്കുന്നത് എന്തുകൊണ്ടാണെന്നാണ് മറ്റൊരു ചോദ്യം. 

ജനസംഖ്യയുടെ 2.5 ശതമാനം പേർക്ക് മാത്രമേ ജനന സർട്ടിഫിക്കറ്റുകൾ ഉള്ളൂവെന്നും 20 ശതമാനം പേർക്ക് മാത്രമേ ജാതി സർട്ടിഫിക്കറ്റുകൾ ഉള്ളൂവെന്നും പ്രതിപക്ഷം അവകാശപ്പെടുന്നു. 

വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനോ നിലനിർത്തുന്നതിനോ പൗരത്വ രേഖകൾ നൽകണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെടുന്നു. രേഖകൾ ഇല്ലാത്ത ഗ്രാമീണർ ഏറെ ആശങ്കയിൽ ആണെന്ന​ും അവർ ചൂണ്ടിക്കാണിക്കുന്നു.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണത്തിന്റെ മറവിൽ മോദി സർക്കാർ സ്വേച്ഛാധിപത്യം നടപ്പാക്കുകയാണെന്ന് പ്രതിപക്ഷം ഉന്നയിക്കുന്നു. 


Tags:    
News Summary - Supreme Court agrees to hear pleas against voter roll revision in poll-bound Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.