അ​നാ​ഥ വി​ധ​വ​ക​ളു​ടെ പ​രി​ച​ര​ണം: കേ​ന്ദ്ര​ത്തി​ന്​ സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം, പി​ഴ

ന്യൂഡൽഹി: യു.പിയിലെ വൃന്ദാവനിലെയും മഥുരയിലെയും അനാഥ വിധവകളുടെ പരിചരണത്തിനും പുനരധിവാസത്തിനുമായി കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രീംകോടതിയുടെ വിമർശനം. കോടതി നിർദേശങ്ങൾ പാലിക്കാത്തതിനാൽ കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയത്തിന് ജസ്റ്റിസുമാരായ മദൻ ബി. ലോകൂർ, ദീപക് ദാസ് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് ലക്ഷം രൂപ പിഴയിടുകയും ചെയ്തു. 

വൃന്ദാവനിലെയും മഥുരയിെലയും  വിധവകളുടെ ദയനീയ സ്ഥിതി കാണിച്ച് നൽകിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. നേരത്തെ, വിധവകളുടെ പുനരധിവാസത്തിനായി ദേശീയ വനിത കമീഷൻ ഏതാനും നിർദേശങ്ങൾ മുന്നോട്ടു വെച്ചിരുന്നു. ഇക്കാര്യം കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയവുമായി ചർച്ച ചെയ്ത് നടപ്പിലാക്കണമെന്ന് ആഴ്ചകൾക്കുമുമ്പ് കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ഏപ്രിൽ 12,13 തീയതികളിൽ യോഗം ചേരുമെന്ന് മന്ത്രാലയം കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ, ആ ദിവസങ്ങളിൽ യോഗം നടന്നില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. രാജ്യത്തെ അനാഥ വിധവകളുടെ കാര്യത്തിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. അവരുടെ കാര്യത്തിൽ തങ്ങൾക്ക് ഒരു ബാധ്യതയുമില്ലെന്ന് സത്യവാങ്മൂലം നൽകുകയാണ് ഭേദമെന്ന് കോടതി പരിഹസിക്കുകയും ചെയ്തു. നിശ്ചലമായ സർക്കാറിനെ കോടതി തള്ളി ഒാടിക്കുകയാണെന്നും കോടതി വിമർശിച്ചു. വനിത കമീഷെൻറ നിർദേശങ്ങൾ നടപ്പാക്കാൻ നാലാഴ്ച കോടതി സമയം അനുവദിച്ചിട്ടുണ്ട്. മഥുരയിലും വൃന്ദാവനിലുമായി ഏകദേശം പതിനായിരം വിധവകൾ ദുരിതത്തിൽ കഴിയുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Tags:    
News Summary - suprem court critisise the center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.