ധർമേന്ദ്ര പ്രധാന്റെ രാജി ആഘോഷത്തിനിടയിൽ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ഭീമ കൊറെഗാവ് തടവുകാർക്കും പിന്തുണ; ഗോവയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

പനാജി: ധർമേന്ദ്ര പ്രധാന്റെ രാജി ആഘോഷിക്കുന്നതിനിടെ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ഭീമ കൊറെഗാവ് തടവുകാർക്കും പിന്തുണ പ്രഖ്യാപിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവ പൊലീസ് ശനിയാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ധർമേന്ദ്ര പ്രധാന്‍റെ രാജി ആഘോഷിക്കാൻ പനാജി ആസാദ് മൈതാനത്ത് ആളുകൾ തടിച്ചുകൂടിയതിനിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ആഘോഷത്തിനിടെ 'ഫ്രീ ഉമർ ഖാലിദ്, ശർജീൽ ഇമാം, ഭീമ കൊറെഗാവ് 16' എന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുമായി ദാനിഷ് എന്ന യുവാവ് മുദ്രാവാക്യം വിളിക്കുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഇയാളോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പനാജി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

ദാനിഷിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ആസാദ് മൈതാനത്ത് തടിച്ചുകൂടിയവർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ഇയാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിലാണ് ദാനിഷിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച സുദിൻ ദാൽവി എന്ന മറ്റൊരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അറസ്റ്റിലായവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.വൈ.എം പ്രവർത്തകർ പനാജി പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബി.ജെ.പി ഉപാധ്യക്ഷൻ നരേന്ദ്ര സവായിക്കറിന്റെ വിവാദ സമൂഹമാധ്യമ പോസ്റ്റിനെ തുടർന്ന് ഗോവയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധങ്ങളാണ് നടന്നിട്ടുള്ളത്. ഇതിന്റെ തുടർച്ചയായാണ് ആസാദ് മൈതാനത്ത് കനത്ത സുരക്ഷയൊരുക്കിയിരുന്നത്. അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചതിന് സമരക്കാർക്കെതിരെ ഗോവ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Tags:    
News Summary - Support for Umar Khalid, Sharjeel Imam and Bhima Koregaon prisoners amid Dharmendra Pradhan resignation celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.