'ഒരു സർക്കാർ സ്കൂൾ പരിശോധിച്ചതോടെ എല്ലാം പൂട്ടാൻ ഉത്തരവിട്ടു'; സി.ജെ.പി നേതാവിന്റെ അവകാശവാദം തളളി അധികൃതർ

നോയിഡ: ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ (നോയിഡ) മുഴുവൻ സർക്കാർ സ്കൂളുകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടെന്ന 'കോക്രോച്ച് ജനതാ പാർട്ടി'യുടെ അവകാശവാദം തള്ളി വിദ്യാഭ്യാസ വകുപ്പ്. ജില്ലയിലെ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പ്രചാരണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും അധികൃതർ വ്യക്തമാക്കി.

'സ്കൂൾ ടീകർ കരോ' കാമ്പയിന്റെ ഭാഗമായാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിനിധികൾ നോയിഡയിലെ ഒരു സർക്കാർ സ്കൂളിൽ പരിശോധനക്കെത്തിയത്. ഇതിന് പിന്നാലെയാണ് ഗൗതം ബുദ്ധ നഗർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അടിയന്തരമായി അവധി നൽകാൻ അധികൃതർ നിർദേശം നൽകിയതായി സംഘടനാ കോ-കൺവീനർ സൗരവ് ദാസ് എക്സിലൂടെ അവകാശപ്പെട്ടത്. തങ്ങൾ ഒരു സ്കൂളിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

എന്നാൽ, ഈ വാദങ്ങൾ പൂർണ്ണമായും അവാസ്തവമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഗൗതം ബുദ്ധ നഗർ ബേസിക് എജുക്കേഷൻ ഓഫീസർ പ്രതികരിച്ചു. "സ്കൂളുകൾ അടച്ചുപൂട്ടാൻ യാതൊരു നിർദേശവും നൽകിയിട്ടില്ല. എല്ലാ സർക്കാർ സ്കൂളുകളും സർക്കാരും വിദ്യാഭ്യാസ വകുപ്പും നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിച്ച് സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്"- ജില്ലാ ഇൻസ്പെക്ടർ ഓഫ് സ്കൂൾസ് ഓഫീസും വ്യക്തമാക്കി.

അതേസമയം, ഗാർഹി ചൗഖണ്ഡിയിലെ ഒരു പ്രൈമറി സ്കൂൾ മാത്രമാണ് തങ്ങൾക്ക് സന്ദർശിക്കാൻ കഴിഞ്ഞതെന്നും, ബാക്കിയിടങ്ങളിൽ പ്രവേശനം കർശനമായി നിഷേധിച്ചുവെന്നും സൗരവ് ദാസ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് സ്കൂളുകൾ സന്ദർശിക്കാനായിരുന്നു പദ്ധതി. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പ്രവേശനം അനുവദിക്കാനാവില്ലെന്നാണ് മറ്റ് സ്കൂളുകളിലെ പ്രധാനാധ്യാപകർ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ പ്രദേശങ്ങളിലെ സർക്കാർ സ്കൂളുകളുടെ യഥാർത്ഥ അവസ്ഥ നേരിട്ട് പരിശോധിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് സൗരവ് ദാസ് ആഹ്വാനം ചെയ്തു. യു.പിയിലെ മികച്ച ജില്ലകളിലൊന്നായ നോയിഡയിലെ സ്കൂളുകളുടെ നിലവാരം രാജ്യത്തെ കാണിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും സൗകര്യങ്ങളും പൊതുസമൂഹത്തിന് മുന്നിലെത്തിക്കാൻ യുവാക്കൾ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർമന്തറിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും, അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തതിലൂടെ ശ്രദ്ധനേടിയ വിദ്യാർഥി കൂട്ടായ്മയാണ് കോക്രോച്ച് ജനതാ പാർട്ടി. ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ കൂട്ടായ്മയായി ആരംഭിച്ച ഇവർ, നിലവിൽ വിദ്യാഭ്യാസ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രഷർ ഗ്രൂപ്പായി മാറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി സ്കൂളുകളുടെ നിലവാരം പരിശോധിക്കുന്ന 'സ്കൂൾ ടീകർ കരോ' കാമ്പയിന് ഇവർ തുടക്കം കുറിച്ചത്.

Tags:    
News Summary - Noida School Closure Claims False, Clarifies UP Education Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.