ന്യൂഡൽഹി: പ്രധാനമന്ത്രിയെ പ്രകീർത്തിച്ചും സി.ജെ.പി പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ചും ബോളിവുഡ് നടൻ സുദേഷ് ബേരി. മോദി വിഷ്ണുവിന്റെ അവതാരമായാണ് താൻ കാണുന്നതെന്നും അവസരം ലഭിച്ചാൽ അദ്ദേഹത്തിന്റെ കാലുകൾ കഴുകി ആ വെള്ളം കുടിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും താരം വ്യക്തമാക്കി. 'അകംപനി അക്കി' എന്ന പോഡ്‌കാസ്റ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബെറി വിവാദ പ്രസ്താവന നടത്തിയത്.
"ദൈവത്തെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും നമ്മൾ ആരാധിക്കാറില്ലേ? അതുപോലെയാണ് എനിക്ക് മോദിജിയോടുള്ള ബഹുമാനം. രാഷ്ട്രീയത്തിനപ്പുറം ഒരു മനുഷ്യൻ എന്ന നിലയിലാണ് അദ്ദേഹത്തെ ഞാൻ കാണുന്നത്. രാജ്യത്ത് ഇന്ന് 'രാമരാജ്യം' തിരിച്ചെത്തിയിരിക്കുകയാണ്, അത് അനുഭവിച്ചറിയേണ്ട ഒന്നാണ്," സുദേഷ് അവകാശപ്പെട്ടു. എന്തുകൊണ്ടാണ് ചില ആളുകൾ നിരന്തരം മോദിജിയെ വിമർശിക്കുന്നു. നിങ്ങൾക്ക് എന്ത് ദ്രോഹമാണ് അദ്ദേഹം ചെയ്തത്? ചായ വിറ്റ് തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യയെ ലോകമെമ്പാടും പ്രശസ്തമാക്കി. ചിലർക്ക് അദ്ദേഹത്തിന്റെ വിജയം അംഗീകരിക്കാൻ പോലും കഴിയുന്നില്ലെന്നും സുദേഷ് പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പ്രവർത്തനങ്ങളെയും താരം പ്രകീർത്തിക്കുകയാണുണ്ടായത്. നടന്റെ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് എതിർപ്പുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധി പറഞ്ഞ അന്ധഭക്തരിൽപെട്ട ഒരാളാണ് നടനെന്ന് വിമർശം ഉയർന്നു.
മോദിയെ വാ തോരാതെ പ്രശംസിച്ച നടൻ, ഡൽഹി ജന്തർ മന്ദിറിൽ സമാധാന പ്രതിഷേധം നടത്തിയ കോക്രോച്ച് ജനതാ പാർട്ടിയെ രൂക്ഷമായി ഭാഷയിൽ വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. സമരങ്ങൾ നടത്തുന്നതിന് പകരം വയോജനങ്ങൾക്കായി വൃദ്ധസദനങ്ങളും കുട്ടികൾക്കായി പാർക്കുകളും നിർമിക്കുന്നതാണ് യഥാർത്ഥ സാമൂഹിക സേവനമെന്നും, പ്രതിഷേധങ്ങൾ നടത്തുന്നവർ രാജ്യത്തെ പിന്നോട്ട് നയിക്കുന്നവരാണെന്നും നടൻ കൂട്ടിച്ചേർത്തു. ചില വ്യവസായികളുടെ പിന്തുണയോടെയാണ് ഇത്തരം കൂട്ടായ്മകൾ മുന്നിട്ടിറങ്ങുന്നത്. ഈ ആളുകൾക്ക് നിലയും വിലയുമില്ല. രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകുന്നതിന് പകരം അവർ അതിന് തടസം നിൽക്കുക മാത്രമാണ് ചെയ്യുന്നത്' സുദേഷ് പറഞ്ഞു. 'ബോർഡർ' സിനിമയിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ സുദേഷ് ബേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.