ന്യൂഡൽഹി: യു.എസിൽനിന്ന് ഇന്ത്യൻ പൗരന്മാരെ നാടുകടത്തുന്ന സംഭവങ്ങളിൽ വൻ വർധനവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 2026ന്റെ ആദ്യ പാദത്തിൽ മാത്രം 414 പേർ നാടുകടത്തപ്പെട്ടെന്ന് രാജ്യസഭയിൽ സമർപ്പിച്ച കണക്കുകളിൽ മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭാംഗം നീരജ് ദാങ്ങി ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിവിധ കാരണങ്ങൾകൊണ്ട് അമേരിക്കയിൽനിന്ന് നാടുകടത്തപ്പെട്ടവരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. 2025ൽ റെക്കോഡ് എണ്ണമായ 2,025 ഇന്ത്യക്കാരെയായിരുന്നു യു.എസ് തിരിച്ചയച്ചിരുന്നത്. 2024ൽ 1,368 പേരെയും 2023ൽ 617 പേരെയുമാണ് തിരിച്ചയച്ചിരുന്നത്.
യു.എസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുന്നതും നാടുകടത്തുന്നതും സംബന്ധിച്ച ചോദ്യത്തിനുള്ള അനുബന്ധ വിവരങ്ങളിലാണ് കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മേയ് 11 മുതൽ 15 വരെ അരിസോണയിൽ 'ഓപറേഷൻ ചെക്ക്മേറ്റ്' എന്ന പേരിൽ ബോർഡർ പട്രോൾ ഏജന്റുമാർ നടത്തിയ പരിശോധനയിൽ 52 പേർ അറസ്റ്റിലായിരുന്നു. ഇതിൽ 36 പേർ സെമി-ട്രക്കുകൾ ഓടിച്ചിരുന്നവരാണ്. പിടിയിലായവരിൽ 30 പേർ ഇന്ത്യൻ പൗരന്മാരാണെന്നും, ഫെഡറൽ നിയമപ്രകാരം നടപടികൾ പൂർത്തിയാക്കി ഇവരെ നാടുകടത്തുമെന്നും യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്ന ഉടൻ തന്നെ വാഷിങ് ടൺ ഡി.സിയിലെ ഇന്ത്യൻ എംബസി വഴി യു.എസ് അധികൃതരുമായി ബന്ധപ്പെടുകയും പിടിയിലായവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
യു.എസിന് പുറമെ യു.കെ (156), സൈപ്രസ് (164), ജർമനി (44) തുടങ്ങിയ രാജ്യങ്ങളിൽനിന്നും 2025ൽ നിരവധി ഇന്ത്യക്കാർ നാടുകടത്തപ്പെട്ടിട്ടുണ്ട്. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ഗ്രീസ്, നെതർലൻഡ്സ്, പോളണ്ട് എന്നീ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും കുറഞ്ഞ എണ്ണത്തിൽ പൗരന്മാരെ തിരിച്ചയച്ചിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.