പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇ-20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുമെന്ന് ലോക്സഭയിലും തുറന്നുസമ്മതിച്ച് കേന്ദ്ര സർക്കാർ. 20 ശതമാനം എഥനോൾ കലർത്തിയ ഇ-20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജിൽ രണ്ട് മുതൽ ആറു ശതമാനം വരെ കുറവ് വരുത്തുമെന്നാണ് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയത്. വാഹനങ്ങളുടെ പഴക്കവും വ്യത്യസ്ത വകഭേദങ്ങളും അനുസരിച്ച് മൈലേജിൽ വ്യതിയാനമുണ്ടാകും.
എങ്കിലും ഇ-10 പെട്രോളിനെ അപേക്ഷിച്ച് ഇ-20 ഉപയോഗിക്കുന്നത് വഴി മികച്ച വേഗതയും മെച്ചപ്പെട്ട യാത്രാസുഖവും ഒപ്പം കാർബൺ പുറന്തള്ളലിൽ ഏതാണ്ട് 30 ശതമാനത്തിന്റെ കുറവും ലഭിക്കും. ബി.എസ് 3, ബി.എസ് 4, ഇ-10 (പെട്രോൾ) വിഭാഗത്തിൽപ്പെട്ട ഇരുചക്ര വാഹനങ്ങളിൽ ഇ-20യുടെ സ്വാധീനം വിലയിരുത്തുന്നതിനായി ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഓട്ടോമോട്ടിവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം എന്നിവ സംയുക്തമായി പഠനം നടത്തിയിരുന്നു. ഇതനസുരിച്ച് രണ്ടുമുതൽ ആറു ശതമാനം വരെ മൈലേജിൽ കുറവ് സംഭവിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും എൻജിൻ തകരാർ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇ-20 പെട്രോൾ ഉപയോഗിക്കുമ്പോൾ ബി.എസ്-3 വാഹനങ്ങളിലെ ചില റബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടിവന്നേക്കാമെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയിലും ഇദ്ദേഹം സമ്മതിച്ചിരുന്നു.
അതേസമയം, എല്ലാ വാഹനങ്ങൾക്കും ഇ-20 പെട്രോൾ അനുയോജ്യമാണോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
ഇന്ധനക്ഷമത കുറയാനും പരിപാലനച്ചെലവ് കൂടാനുമുള്ള സാധ്യതകളും ഇവർ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം എൻജിനിലോ ഇന്ധന സംവിധാനത്തിലോ തകരാറുകൾ സംഭവിച്ചാൽ ഉത്തരവാദിത്തം ആർക്കായിരിക്കുമെന്ന കാര്യത്തിൽ വ്യക്തത ആവശ്യമാണെന്നും പ്രതിപക്ഷം പറഞ്ഞു.
ന്യൂഡൽഹി: എഥനോൾ കലർത്തുന്ന ഇ20 പെട്രോൾ ഉപയോഗിക്കുന്നത് 2023നുമുമ്പ് നിർമിച്ച വാഹനങ്ങൾക്ക് വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നിശ്ശബ്ദരാകാൻ വാഹന നിർമാതാക്കൾക്കുമേൽ കേന്ദ്രത്തിന്റെ സമ്മർദമുണ്ടെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ.
വാഹനങ്ങളിൽ ഇ20 പെട്രോൾ സുരക്ഷിതമാണോയെന്നും വാഹനങ്ങൾക്ക് തകരാർ സംഭവിച്ചാൽ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുമോയെന്നും ചോദിച്ച് ടൂ-വീലർ, ഫോർ വീലർ നിർമാതാക്കളായ 29 കമ്പനികൾക്ക് കത്തയച്ചെങ്കിലും ആരും രേഖാമൂലം പ്രതികരണം അറിയിച്ചില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫോണിൽ നേരിട്ട് വിളിച്ച ചിലർ അത് എഞ്ചിനും ഇന്ധന സംവിധാനത്തിനും ദോഷകരമാണെന്നും ഇന്ധനക്ഷമത കുറക്കുമെന്നും വ്യക്തമാക്കി. പരസ്യമായി പ്രതികരിച്ചാൽ വാഹന നിർമാണ കമ്പനികൾക്ക് അന്വേഷണ ഏജൻസികളുടെയും ആദായ നികുതി വകുപ്പിന്റെയും നടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്രത്തിന്റെ താക്കീതുണ്ടെന്നും 2023 ന് മുമ്പുള്ള 30 കോടി വാഹനങ്ങളെ ഇ20 ബാധിക്കുമെന്നും കെജ്രിവാൾ ആരോപിച്ചു.
ന്യൂഡൽഹി: വിദ്യാർഥി രോഷത്തിന്റെ ചൂടറിഞ്ഞ കേന്ദ്രം പെട്രോളിൽ 20 ശതമാനം ഇന്ധനം കലർത്തുന്ന ഇ20 നയത്തിനെതിരെയുള്ള പ്രതിഷേധം ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി രംഗത്ത്. വെള്ളിയാഴ്ച നടത്താനിരുന്ന ‘ഗഡ്ഡി മാർച്ച്’ പ്രതിഷേധത്തിന് മുന്നോടിയായി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ‘ടീം ഭാരത്’ പ്രതിനിധികളുമായി ചർച്ച നടത്തി. 2023ന് മുമ്പ് നിർമിച്ച വാഹനങ്ങൾക്കായി ഇ-10 പെട്രോളും, രാജ്യത്തുടനീളം ശുദ്ധമായ പെട്രോളും (ഇ0) ന്യായമായ നിരക്കിൽ ലഭ്യമാക്കുക, ഇ-20 പെട്രോളുകൾക്ക് വിലക്കുറവ് ഏർപ്പെടുത്തുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് ടീം ഭാരത് മുന്നോട്ടുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.