"ചെറുപയർ സംഭരണം കൂട്ടാനാകില്ല", കർഷകരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന മധ്യപ്രദേശ് സർക്കാരിന് കേന്ദ്രത്തിന്റെ എട്ടിന്റെ പണി!

ഭോപാൽ: മധ്യപ്രദേശിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടയിൽ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്നും തിരിച്ചടി. കേന്ദ്ര സർക്കാർ ചെറുപയർ സംഭരണത്തിന്റെ അളവ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി ഐദൽ സിങ് കൻസാന കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാൽ ഈ ആവശ്യം കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ തള്ളി. 2025-26 വേനൽക്കാല സീസണിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചെറുപയർ സംഭരിച്ചത് മധ്യപ്രദേശിൽ നിന്നാണെന്നും, പി.എം-ആശ പദ്ധതിപ്രകാരം ആകെ ഉൽപ്പാദനത്തിന്റെ 25 ശതമാനം മാത്രമേ കേന്ദ്രത്തിന് സംഭരിക്കാൻ സാധിക്കൂ എന്നും ചൗഹാൻ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനങ്ങൾക്ക് പ്രത്യേക സംഭരണ ലക്ഷ്യങ്ങൾ നിശ്ചയിച്ചുനൽകിയിട്ടില്ലെന്നും, കേന്ദ്ര ക്വോട്ടയ്ക്ക് ശേഷമുള്ളത് അതത് സംസ്ഥാന സർക്കാരുകൾ സ്വന്തം നിലയിൽ ഏറ്റെടുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ പ്രഖ്യാപനം കർഷകരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന മോഹൻ യാദവ് സർക്കാരിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

മിനിമം താങ്ങുവിലയിൽ 100 ശതമാനം ചെറുപയറും സംഭരിക്കണമെന്നും, വളം വിതരണത്തിലെ ഇ-ടോക്കൺ സമ്പ്രദായം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ മധ്യപ്രദേശിൽ കർഷക സമരം തുടരുകയാണ്. സമരത്തിന്റെ ഭാഗമായി ഭോപ്പാലിലേക്ക് മാർച്ച് നടത്തിയ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുകളും ബാരിക്കേഡുകൾ ഭേദിക്കാനുള്ള ശ്രമങ്ങളും നടന്നു.

സമരം കടുത്തതോടെ പ്രതിരോധത്തിലായ സംസ്ഥാന സർക്കാർ, കർഷകരുമായി നടത്തിയ ചർച്ചക്ക് പിന്നാലെ ചെറുപയർ സംഭരണം 25 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തുമെന്നും ഇ-ടോക്കൺ സമ്പ്രദായം താൽക്കാലികമായി നിർത്തിവെക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് സംഭരണ പരിധി വർദ്ധിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം രംഗത്തുവന്നിരിക്കുന്നത്.

Tags:    
News Summary - മധ്യപ്രദേശിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടയിൽ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്നും തിരിച്ചടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.