സുൽത്താൻപുർ: വടക്കുപടിഞ്ഞാറൻ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലഹരി സംഘത്തിനെ പൂട്ടി പൊലീസ്. സംഘത്തിലെ പ്രധാനി സുൽത്താൻപുരിയുടെ ‘ലഹരി രാജ്ഞി’ എന്നറിയപ്പെടുന്ന കുസും (54) ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഒളിവിലായിരുന്ന കുസും ഷാഹ്ദരയിലേക്ക് എത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലഹരി സംഘം വലയിലായത്.
പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം കീഴ്പ്പെടുത്തുകയായിരുന്നു. പ്രദേശത്ത് നടത്തിയ റെയ്ഡിൽ 550 പാക്കറ്റ് ഹെറോയിൻ, ലഹരി ഗുളികകൾ എന്നിവയും കണ്ടെടുത്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയാണ് കുസും. കൂലിപ്പണിക്കാരനായ സുരേന്ദറിനെ വിവാഹം കഴിച്ചാണ് സുൽത്താൻപുരിയിൽ താമസമാക്കുന്നത്. 1990ൽ അദ്ദേഹം അസുഖബാധിതനായി മരിച്ചു. 1992ൽ, കുസും മനോജി എന്നയാളെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് നാലു കുട്ടികളുണ്ട്. മനോജ് രോഗത്താൽ കിടപ്പിലായതിനെ തുടർന്നാണ് സുൽത്താൻപുരിയിൽ ലഹരിവിൽപന തുടങ്ങിയത്.
കാലക്രമേണ, സ്വന്തമായൊരു ലഹരി ശൃംഖല കെട്ടിപ്പടുത്തു, അത് ഡൽഹിക്ക് പുറത്തേക്ക് വളർന്നു, അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകായായിരുന്നു. കുസുമിന്റെ മക്കളായ ദീപയും ചിക്കുവും ലഹരിവിൽപനക്കേസുകളിൽ ജയിലിലാണ്. സഹോദരൻ ഹരിയോം, സഹായി രവി എന്നിവരാണ് ശൃംഖലയിലെ പ്രധാനികൾ. ലഹരി ഇടപാടിലൂടെ ലഭിച്ച നാലു കോടി രൂപ മൂല്യമുള്ള കുസുമിന്റെ സ്വത്തും ഡൽഹി പൊലീസ് കണ്ടുകെട്ടി. ഇവർ താമസിച്ചിരുന്ന ആഡംബര ബംഗ്ലാവിൽനിന്ന് ലഹരിമരുന്നും രണ്ടു കോടിയും കണ്ടെടുത്തു. കുസുമിനെതിരെ 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.