തൃശൂർ: ആത്മഹത്യ നിരക്കിൽ ഇന്ത്യ ലോകത്തിെൻറ നെറുകയിൽ. രാജ്യത്തെ യുവാക്കൾ, സ്ത്രീകൾ, പ്രായമായവർ എന്നിവർക്കിടക്ക് ആത്മഹത്യയും അതിനുള്ള പ്രവണതയും അതിവേഗം കൂടുകയാണ്. സാമ്പത്തിക, സാമൂഹിക അസമത്വമാണ് പൊതുവായ കാരണങ്ങളെങ്കിലും തൊഴിലില്ലായ്മ, ചെറുപ്രായത്തിലുള്ള വിവാഹം, മദ്യം, കുടുംബ കലഹം എന്നിവയാണ് ആത്മഹത്യക്ക് പ്രേരകമാവുന്നത്. കുടുംബത്തിന് ഭാരമാവുമെന്ന തോന്നൽ, ഒറ്റപ്പെടൽ, വിഷാദം, പ്രായാധിക്യം മൂലമുള്ള ശാരീരികാവശത എന്നിവ പ്രായമായവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതായാണ് കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയം, ആരോഗ്യ ഗവേഷണ വിഭാഗം എന്നീ ഒൗദ്യോഗിക സംവിധാനങ്ങൾ ഉൾപ്പെടെ രാജ്യത്തും പുറത്തുമുള്ള വിവിധ ഏജൻസികളുടെ സഹായത്തോടെ, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറൽ മെഡിസിൻ ജേണലായ ‘ലാൻസെറ്റ് ഫൗണ്ടേഷൻ’നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
1990-2016 കാലത്തെ ഇന്ത്യൻ സാഹചര്യവും ആഗോള താരതമ്യവും അതിനു ശേഷമുള്ള പ്രവണതകളുമാണ് പഠന വിധേയമാക്കിയത്. 2014ൽ കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ മാനസികാരോഗ്യ നയം പ്രായോഗിക തലത്തിൽ പരാജയമാണെന്നും ഈ സമീപനം തുടർന്നാൽ 2030ഓടെ ആത്മഹത്യ ഇല്ലാതാക്കുകയെന്ന ലക്ഷ്യം 10 ശതമാനം പോലും കൈവരിക്കാനാവില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സെപ്റ്റംബർ 11ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ പരിഗണനക്ക് സമർപ്പിച്ചിട്ടുണ്ട്.
1990നെ അപേക്ഷിച്ച് 2016ൽ രാജ്യത്ത് ആത്മഹത്യ 40.1 ശതമാനം വർധിച്ചു. ആഗോളതലത്തിൽ 2016ൽ 8.17 ലക്ഷം ആത്മഹത്യ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 2.3 ലക്ഷം ഇന്ത്യയിൽനിന്നാണ്. 1990-2016 കാലയളവിൽ സ്ത്രീ ആത്മഹത്യ 25.3 എന്നത് 36.6 ശതമാനമായും പുരുഷ ആത്മഹത്യ 18.7 ൽനിന്ന് 24 .3 ശതമാനമായും ഉയർന്നു.
രാജ്യത്ത് സംഭവിക്കുന്ന മരണങ്ങൾക്ക് ഒമ്പതാമത്തെ കാരണമാണ് ആത്മഹത്യ. എന്നാൽ, 15-29, 15-39 പ്രായ ഗ്രൂപ്പിൽ ഒന്നാമത്തേതാണ്. പുരുഷ ആത്മഹത്യ ആഗോള ശരാശരിക്കു മുകളിലാണ്. 2016ൽ സ്ത്രീ ആത്മഹത്യയിൽ മുന്നിൽ തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക, പശ്ചിമ ബംഗാൾ, ത്രിപുര എന്നിവയും പുരുഷ ആത്മഹത്യയിൽ ഈ ആറ് സംസ്ഥാനങ്ങൾക്കു പുറമെ കേരളം, ഛത്തിസ്ഗഢ് എന്നിവയുമാണ് മുന്നിൽ. സ്ത്രീകളിൽ വിവാഹിതരായവരിലാണ് ആത്മഹത്യ ഏറെ.
2005ൽ പാസാക്കിയ സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമം തടയൽ നിയമം ഇന്ത്യ ഫലപ്രദമായി നടപ്പാക്കുന്നില്ല. എന്നാൽ, 1990-2016 ചൈന സ്ത്രീ ആത്മഹത്യ നിരക്ക് 70 ശതമാനം കുറക്കാൻ വേണ്ട നടപടികളെടുത്തു. 2017 വരെ ഇന്ത്യയിൽ ആത്മഹത്യ ക്രിമിനൽ കുറ്റമായിരുന്നു. അതുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നതിൽ കുറവുണ്ടായിട്ടുവാം. റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന ആത്മഹത്യകൂടി ചേർത്താൽ നിരക്ക് ഇനിയും ഉയരും.
അധികൃതരും ഇന്ത്യൻ മാധ്യമങ്ങളും കർഷക ആത്മഹത്യക്കു കൊടുക്കുന്ന ശ്രദ്ധയും ചർച്ചയും മറ്റ് ആത്മഹത്യകൾക്കു കൊടുക്കുന്നില്ല. യുവാക്കൾ, സ്ത്രീകൾ, പ്രായമായവർ എന്നിവർക്കിടയിലെ ഉയർന്ന ആത്മഹത്യ പ്രവണത തടയാൻ സാമൂഹിക-സാമ്പത്തിക പരിഹാരങ്ങളിൽ ഊന്നിയ സമഗ്ര ദേശീയ ആത്മഹത്യ പ്രതിരോധ നയം ആവിഷ്കരിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
ലാൻസെറ്റ്
1823ൽ ഇംഗ്ലണ്ടിലെ ഡോ. തോമസ് വേക്ക്ലി തുടങ്ങിയ മെഡിക്കൽ ജേണലാണ്. ലോകത്തെ ജനകീയാരോഗ്യ വിഷയങ്ങളിൽ പഠനം നടത്തുകയും നിർദേശവും ശിപാർശയും സമർപ്പിക്കുകയും ചെയ്യുന്നു.
പഠനത്തിെല പങ്കാളികൾ
ദേശീയ കുടുംബക്ഷേമ മന്ത്രാലയം, പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക് ഇവാലുവേഷൻ വാഷിങ്ടൺ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്, സൊസൈറ്റി ഫോർ ന്യൂട്രീഷൻ, എജുക്കേഷൻ ആൻഡ് ഹെൽത്ത് ആക്ഷൻ ചെന്നൈ, നിംഹാൻസ് ബംഗളൂരു, ഇൻസ്റ്റിറ്റൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ചണ്ഡിഗഡ്, ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡൽഹി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.