ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ കുളത്തില്‍ ചാടിയ ഭാര്യയും മകളും മരിച്ചു

നാഗർകോവിൽ: മൃതദേഹം സംസ്ക്കരിക്കാൻ മാർഗമില്ലാത്തതിനാൽ ഭർത്താവ് മരിച്ചതിന് പിന്നാലെ കുളത്തിൽ ചാടിയ ഭാര്യയും മകളും മുങ്ങിമരിച്ചു.നാഗർകോവിൽ ഒഴുകിനശ്ശേരി ചന്ദന മാരിയമ്മൻ സ്ട്രീറ്റിലെ വടിവേൽ മുരുകൻ (78), ഭാര്യ പങ്കജം (67), മകൾ മാല (46) എന്നിവരാണ് മരിച്ചത്. മറ്റൊരു മകളായ മൈഥിലിയെ (47) പൊലീസ് രക്ഷപ്പെടുത്തി. ഇപ്പോൾ ചികിത്സയിലാണ്.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ശുചീന്ദ്രത്തിന് സമീപം നല്ലൂരിലെ ഇളയ നയിനാർ കുളത്തിൽ മൂന്നുപേർ മുങ്ങിത്താഴുന്നതായി കണ്ട് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് മൂന്നു പേരെയും കരക്കടുപ്പിച്ചുവെങ്കിലും മൈഥിലിയെ മാത്രമാണ് രക്ഷിക്കാനായത്. ഇവരുടെ കൈകൾ തുണികൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ച മൈഥലിക്ക് ബോധം തെളിഞ്ഞപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

വീട്ടിൽ പിതാവ് മരിച്ചുകിടക്കുകയാണെന്നും മൃതദേഹം സംസ്ക്കാരിക്കാൻ പോലും മാർഗമില്ലാത്തതിനാൽ അമ്മയും സഹോദരിയും താനും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും മൈഥിലി പൊലീസിനോട് പറഞ്ഞു. ഒഴുകിനശ്ശേരിയിലെ വീട് പരിശോധിച്ച പൊലീസ് വടിവേൽ മുരുകന്‍റെ മൃതദേഹം കണ്ടെത്തി. കുടുംബത്തിന്‍റെ ഏക വരുമാന മാർഗമായിരുന്നു വടിവേൽ മുരുകൻ. മരപ്പണിക്കാരനായിരുന്നു ഇദ്ദേഹം. രണ്ട് പെൺമക്കളും വിവാഹിതരായിരുന്നില്ല.

ഏതാനും ദിവസങ്ങളായി അസുഖബാധിതനായിരുന്ന വടിവേൽ മുരുകൻ തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്. മൃതദേഹം സംസ്കരിക്കാൻ പോലും മാർഗമില്ലാതിരുന്നതിനാൽ ഇവർ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മൂന്നുപേരും പുലർച്ചെ മൂന്നു മണിയോടെ ശുചീന്ദ്രത്തിലേക്ക് തിരിച്ചു. അഞ്ചു കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചാണ് നല്ലൂർ കുളത്തിന്‍റെ കരയിലെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.