ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ഹൻസ്‌രാജ് കോളജിൽ വനിതാ ഹോസ്റ്റലിന് പകരം പശു സംരക്ഷണ ഗവേഷണ കേന്ദ്രം സ്ഥാപിച്ചതിനെതിരെ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. വനിതാ ഹോസ്റ്റലിനായി അനുവദിച്ച സ്ഥലത്ത് കോളജ് അധികൃതർ സ്വാമി ദയാനന്ദ് പശു സംരക്ഷണ ഗവേഷണ കേന്ദ്രം നിർമിച്ചതായി ഹൻസ്‌രാജ് കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് ആരോപിച്ചു.
ഗവേഷണ ആവശ്യങ്ങൾക്കായി സംരക്ഷണ കേന്ദ്രത്തിൽ ഒരു പശു ഉണ്ടെന്നും ഈ സ്ഥലം പശു ഗവേഷണ കേന്ദ്രം നിർമിക്കാന്‍ അനുവദിച്ചതാണെന്നും കോളജ് പ്രിൻസിപ്പൽ രമാശർമ്മ പറയുന്നു. ഇവിടെ ഹോസ്റ്റൽ നിർമിക്കാന്‍ പദ്ധതിയിട്ടില്ലെന്നും അവർ പറഞ്ഞു. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധത്തിന് മറ്റു വിദ്യാർഥി സംഘടനകളും പിന്തുണ നൽകിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുക, വിദ്യാർഥി ക്ഷേമത്തിന് മുൻഗണന നൽകുക, വിദ്യാഭ്യാസത്തിലെ കാവിവൽക്കരണം ഇല്ലാതാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ കോളജിന് പുറത്ത് പ്രകടനം നടത്തിയത്. വർഗീയ ശക്തികളിൽ നിന്ന് കാമ്പസ് തിരിച്ചുപിടിക്കുമെന്നും പശു ഗവേഷണ കേന്ദ്രമുള്ള സ്ഥലത്ത് വനിതാ ഹോസ്റ്റൽ നിർമിക്കാന്‍ സമർദ്ദം ചെലുത്തുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.