ഹൈദരാബാദ്: ഹൈദരാബാദിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ‘ദണ്ഡിയ’ നൃത്ത പരിപാടിക്കിടെ 25കാരനായ എൻജിനീയറിങ് വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റു. നഗരത്തിലെ ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം.
രാജ്ഭവൻ റോഡിനടുത്തുള്ള ‘ദി പാർക്ക്’ ഹോട്ടലിൽ നടന്ന സംഭവത്തിൽ അജ്ഞാതരായ ചിലർ വിദ്യാർഥികളെ സമീപിച്ച് പേര് ചോദിക്കാൻ തുടങ്ങി. യുവാവ് തന്റെ പേര് വെളിപ്പെടുത്തിയിട്ടും ആളുകൾ ആക്രമിച്ചു. ഒരു പൊലീസുകാരന്റെ സഹായത്തോടെ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട് പഞ്ചഗുട്ട പൊലീസ് സ്റ്റേഷനിൽ എത്തി തന്നെ ആക്രമിച്ചവർക്കെതിരെ വിദ്യാർഥി പരാതി നൽകി. ഇവർ ബംജ്റംഗ് ദൾ പ്രവർത്തകരാണെന്നാണ് റിപ്പോർട്ട്.
ഹിന്ദുത്വ സംഘം ആക്രോശിക്കുന്നതും ഒരു പൊലിസുകാരൻ വിദ്യാർഥിയെ വലിച്ചു പുറത്തേക്ക് രക്ഷപ്പെടുത്തുന്നതും കാണിക്കുന്ന വിഡിയോ പുറത്തുവന്നു.
നേരത്തെ, ദണ്ഡിയ പരിപാടികൾക്കായി വരുന്നവരുടെ ആധാർ കാർഡുകൾ പരിശോധിക്കാൻ ഹിന്ദുത്വ സംഘടനകൾ സംഘാടകരോട് നിർദേശിച്ചിരുന്നു. ഹൈദരാബാദിലും മറ്റിടങ്ങളിലും നടക്കുന്ന ദണ്ഡിയ പരിപാടികളുടെ പ്രവേശന കവാടത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ പങ്കെടുക്കുന്നവരെല്ലാം നെറ്റിയിൽ തിലകം ചാർത്തണമെന്നും ഇവർ ആവശ്യപ്പെട്ടതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.