ഹൈദറാബാദ്: തെലങ്കാന ഇന്റർമീഡിയറ്റ് പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ ഹൈദരാബാദിൽ 17 വയസ്സുകാരനെ കാണാതായി. ഹൈദരാബാദിലെ കിഷൻബാഗ് സ്വദേശിയായ മുഹമ്മദ് അമാനുള്ള ശരീഫിനെയാണ് ഞായറാഴ്ച രാവിലെ മുതൽ കാണാതായത്. അട്ടാപൂരിലെ ശ്രീ ചൈതന്യ കോളജ് വിദ്യാർഥിയാണ് അമാനുല്ല.
ഞായറാഴ്ച രാവിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഏകദേശം 11 മണിയോടെ അമാനുല്ലയുടെ പിതാവ് മുഹമ്മദ് ഫഹീമുല്ല ശരീഫ് മകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, മകനെ ഫോണിൽ കിട്ടാതായതോടെ കുടുംബം പരിഭ്രാന്തരായി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമാനുല്ല ഒരു വിഷയത്തിൽ പരാജയപ്പെട്ട വിവരം കുടുംബം അറിയുന്നത്. പരീക്ഷയിൽ തോറ്റതിലുള്ള കടുത്ത മാനസിക വിഷമം മൂലമാകാം കുട്ടി ആർക്കും പിടികൊടുക്കാതെ വീടുവിട്ടിറങ്ങിയതെന്ന് പിതാവ് ബഹാദൂർപുര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അമാനുല്ലയുടെ കൈവശം ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിലും അതിൽ സിം കാർഡ് ഇല്ലാത്തത് പൊലീസിനും കുടുംബത്തിനും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുട്ടിയുടെ ലൊക്കേഷൻ കണ്ടെത്താൻ ഇത് തടസ്സമാകുന്നുണ്ട്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ ഇടയിലും തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും സൂചനകളൊന്നും ലഭിച്ചിട്ടില്ല. കൗമാരപ്രായക്കാരായ വിദ്യാർഥികൾ പരീക്ഷാ ഫലത്തെ തുടർന്ന് ഇത്തരം കടുത്ത തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കാൻ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അമാനുല്ലയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബഹാദൂർപുര പൊലീസ് സ്റ്റേഷനിലോ (8712661286, 8712572118), അല്ലെങ്കിൽ പൊലീസ് കൺട്രോൾ റൂമിലോ (100) വിവരം അറിയിക്കണമെന്ന് കുടുംബം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.